Friday, August 7, 2020

ശാപമോക്ഷം


ഇന്ന് 

അകലം എന്നത് 

ഏറ്റവും കൂടുതലായി 

ഉപയോഗിക്കുന്ന സമസ്യയത്രെ!

അകലം, ഒരുങ്ങേണ്ടതെങ്ങനെയെന്നും 

എന്തിനെന്നും 

സകല പ്രഭാഷണങ്ങളും 

നിയമാവലികളും 

പുതുതായിത്തെളിഞ്ഞ 

നിലാവെളിച്ചത്തിൽ 

കണ്ടുംകാണാതെയും ഞാൻ 

പഠിച്ചിരുന്നൂ...


അടുപ്പം എന്നെ ഏറെ 

പരിഭ്രാന്തനാക്കി 

സംശയത്തിന്റെ തിമിരമെന്നെ 

അകലത്തിലേക്കു കൂടുതൽ 

അടുപ്പിച്ചു!


അകലം...

അതെന്നെ കൂടുതൽ 

സുരക്ഷിതനാക്കുമെന്നറിഞ്ഞ 

അസുലഭ മുഹൂർത്തത്തിൽ 

പഞ്ചഭൂതങ്ങളെയും 

കാലത്തിന്റെ ചിമിഴിൽനിന്നും 

അടർത്തിയെടുത്തു 

പ്രപഞ്ചത്തിന്റെ അങ്ങേക്കരയിലേക്ക്, 

അകലേക്കകലേക്കു  

വലിച്ചെറിയാൻ ഞാൻ 

തീരുമാനമെടുത്തു!


വീടിന്റെ ഈശാനകോണിലായ് 

സപ്തവർണ്ണങ്ങളും  

ചാലിച്ചെടുത്തൊരുക്കിയ മുറി, 

എന്റെ സ്വപ്ന മുറി.

മുറിയുടെ കിഴക്കോട്ടുള്ള 

ജന്നൽ ഞാൻ ആണിയടിച്ചു വച്ചു 

ഒരിക്കലും തുറക്കാതിരിക്കുവാനായ്, 

ഒരു തകിടും കൊരുത്തുവച്ചു.

അപ്പോഴേക്കും 

എന്റെ മുറിയുടെ പച്ചപ്പ് 

മുറ്റത്തെ മുല്ലവള്ളി 

തുടച്ചെടുത്തു കഴിഞ്ഞിരുന്നു.


അതറിഞ്ഞാവാം 

എന്നെയൊന്നു തഴുകാതെ 

ചന്ദനഗന്ധം ചിറകിലേറ്റി 

വാതിൽപ്പഴുതിലൂടൂളിയിട്ടു

ദൂരെയെങ്ങോ മറഞ്ഞുപോയി, 

വിഷാദമധുരമാം മൂളലോടെ 

മന്ദമാരുതൻ,  സുന്ദരപവനൻ, 

എന്റെ കളിത്തോഴൻ,  തിരുവാതിരക്കാറ്റ്!


മുറിയുടെ ഒറ്റപ്പാളിയുള്ള 

വാതിലും ഒടുവിൽ ഞാൻ 

കൊട്ടിയടച്ചു 

അന്നേരം, എന്റെ കണ്ണിലെ 

ആശയുടെ സ്വർണവർണ്ണരാജികൾ  

എന്നിൽനിന്നും 

കവർന്നെടുത്തു ആകാശത്തിനു 

ജന്മംചാർത്തിക്കൊടുത്തു 

സൂര്യൻ.

പകരമെനിക്ക് ഇരുട്ട് 

പതിച്ചുതന്നു,  സ്ഥിരമായി.


സൂര്യൻ ഒരു ചതിയനാണെന്ന് 

എനിക്കു സ്വകാര്യമായി 

മുന്നറിയിപ്പ് തന്നിരുന്നു, 

കുന്തിയമ്മ...


എന്റെയമ്മ,  അഗ്നികോണിലിരുന്ന് 

മുത്താഴമൊരുക്കുകയായിരുന്നു 

ഒപ്പം,  കിടക്കുവാനുള്ള മുള്ളുകളും 

കൂട്ടി വയ്ക്കുകയായിരുന്നു,  അവർ!


അകലേ... എന്റെ അലർച്ച 

കേട്ടാവാം, 

കയ്യിലൊരു ചെരാതിൽ 

അഗ്നിയെയൊതുക്കി 

ഇടനാഴികളെ വകഞ്ഞുമാറ്റി

വാതുക്കൽ 

മുട്ടിവിളിച്ച പൊന്നമ്മയെ 

എന്റെ പെറ്റമ്മയെ 

അഗ്നിശുദ്ധി വരുത്താൻ 

മൺകുടത്തിൽ 

ഒരുതുള്ളി വെള്ളവുമായ് വരാൻ 

ദുരിതത്തിന്റെ 

തീരാക്കയത്തിലേക്കയച്ചൂ 

അവർ പിന്നെത്തിരികെ വന്നില്ല, 

ഒരിക്കലും!


അങ്ങിനെ പഞ്ചഭൂതങ്ങളെയും 

ആത്മാവിനെയും അകറ്റിനിർത്തി 

എന്റെ ചേതനെയെ

ഒരുമുഖപടം കൊണ്ടുമറച്ചു 

കൂനിക്കൂടിയിരുന്നു, 

അന്നുതുടങ്ങി ഞാൻ അനന്തമായൊരു 

കാത്തിരിപ്പ്,  എണ്ണിയാൽ തീരാത്ത 

കാത്തിരിപ്പ്, 

അകാലത്തിലടുപ്പം തിരയുന്ന 

എന്തിനെയോ...ആരെയോ... 


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...