മരണം സംഭവിക്കുന്നില്ല
പഴയതുപേക്ഷിച്ചു പുതുവസ്ത്രം
ധരിക്കുകയേ ചെയ്യുന്നുള്ളൂ
ഈ ലളിതശാസ്ത്രം
യുഗങ്ങളായി ഞാൻ പഠിച്ചുകൊണ്ടിരുന്നു.
ദ്വാപരയുഗത്തിൽ
ഗുരുസാന്ദീപനി സുദാമന്
പറഞ്ഞുകൊടുത്ത
ജീവന മന്ത്രമാണ്,
“നിന്റെ വസ്ത്രം ജീർണിച്ചാലും
കരുതി വയ്ക്കുക
പുതുവസ്ത്രത്തിനായി
യാചിക്കേണ്ടിവരികയെന്നത്
കർമ്മദോഷം”.
വസ്ത്രം മാറുന്ന ലാഘവത്തോടെ
ആശയങ്ങൾ കടം വാങ്ങുന്ന
താല്പര്യത്തോടെ
ദേഹംവിട്ട് ദേഹികൾ ഒഴുകിനടന്നു
കലിയുഗത്തിലും ഞാൻ കർമ്മദോഷി!
നമുക്കിനിയും പാടിനടക്കാം
വഞ്ചിപ്പാട്ടിന്റെയീണത്തിൽ,
ഒടുക്കമെങ്ങാനും
പുതുവസ്ത്രം ദാനം കിട്ടിയാലോ...
നമ്മൾ പാടിനടക്കുന്നത്
ആശയപരമായ വൈരുധ്യവും
വികാരപരമായ ദൗർബല്യവുമല്ലേ
എന്നും സംശയമുണ്ട്
പാണൻ നടന്നു പാടും
യാചകൻ ഇരുന്നു പാടും
പട്ടുടുപ്പ് കിട്ടിയിലായി!
പഴകിമുഷിഞ്ഞത് മാറ്റി
പട്ടുവസ്ത്രം ധരിച്ച
സുമുഖന്മാരെ നിങ്ങൾ കണ്ടിട്ടുണ്ടോ
കോടിയുടുത്തു കിടക്കുമ്പോൾ
എന്തുചന്തമാണീ യുവാക്കളെ കാണാൻ!
അനുഷ്ഠാന രീതിയിൽ
ആചാരപരമായ കാഴ്ച്ചപ്പാടിൽ
പഴകിപ്പാടിയ പാണപ്പാട്ടുകളിൽ
വിടർന്ന ദൈവവചനങ്ങൾ
സാമ്പത്തിക സാമൂഹിക താളങ്ങളിൽ
ഉച്ചണ്ഡ ഘോഷങ്ങളായ് കേട്ടപ്പോൾ
ജീർണ ദേഹവുമായലയുന്ന ഞാൻ
ഒരു ദരിദ്രവാസിയാണെന്ന്
അറിഞ്ഞു!
അക്കാരണം കൊണ്ടു
പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ
എനിക്ക് സാധ്യമായിരുന്നില്ല
അതേകാരണം കൊണ്ടുതന്നെ
പുതുവസ്ത്രം
എനിക്ക് അപ്രാപ്യവുമായിരുന്നു
സാന്ദീപനിഗുരു അത് പറഞ്ഞിരുന്നോ...?
സുന്ദരികളും സുന്ദരന്മാരും
പുതുമോടിയിൽ
കോടി മണക്കണ വസ്ത്രങ്ങളിൽ
തിളങ്ങി, രഥയാത്ര ചെയ്യുമ്പോൾ
ദേഹി മോക്ഷംപൂകുമ്പോൾ
നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു
വാസനാബലമില്ലാത്ത
ഈ ദരിദ്രവാസിക്ക്.
കാലം വല്ലാതെ മാറി
പുതിയ ശാസ്ത്രങ്ങൾ നിലവിൽവന്നു
കാലത്തിന്റെ രഥങ്ങളിൽ
കറുത്ത സാരഥിയുടെ കൂടെ
കറുത്ത കണ്ണട വച്ച ശിങ്കിടിമാരൊപ്പം
പുതു വസ്ത്രങ്ങളുടെ വർണ്ണക്കൊഴുപ്പിൽ
കോർപ്പറേറ്റിന്റെ ദല്ലാളുകൾ
അഭിനവ പാർത്ഥന്മാർ
എന്നും ചന്തകളിലും ശാലകളിലും
കലാലയങ്ങളിലും ഒഴുകി നടന്നു
കൂടെ ദൈവങ്ങൾ പറന്നുനടന്നു.
കോടി മണക്കണ തുണി
ഒരാവരണമാണ്
ആശയങ്ങളുടെ, അധികാരത്തിന്‍റെ,
ജീർണ വസ്ത്രങ്ങൾ
അഴിച്ചുമാറ്റാനുള്ള ത്വരയുടെ,
ഇരയുടെ ആവരണം.
അതിന് അതിജീവനത്തിന്റെ
രൂക്ഷ സുഗന്ധമുണ്ട്
അവർ അലറിവിളിച്ചു പറഞ്ഞു.
അങ്ങിനെ പുതുവസ്ത്രണത്തിന്റെ
സാംഗത്യം പലരും
അംഗീകരിച്ചു കഴിഞ്ഞു
കൊടിയും കോടിയും തമ്മിലുള്ള
ലയവിന്യാസത്തിൽ
ഞാൻ അത്ഭുതം പൂണ്ടു
എനിക്കതു രണ്ടും വിധിച്ചിട്ടില്ലല്ലോ!
പുതിയ വസ്ത്രങ്ങൾക്ക്
പുതിയ ബ്രാൻഡുകൾ
അവതരിച്ച നിമിഷം
സുന്ദരന്മാർ അതുടുത്തു
ചമഞ്ഞു കിടന്നു
കണ്ണടച്ച്, ആലസ്യത്തോടെ
ദേഹം വിട്ട ദേഹികൾ
വസ്ത്രം വേണ്ടാപക്ഷികളുടെ
ചിറകുകളായ്.
പുതുമോടിയിൽ, പുതിയ ജന്മത്തിൽ
അവർ കൂടുതൽ വശ്യരായി
അവരിൽനിന്നും പുതിയ ആശയങ്ങൾ,
ശാസ്ത്രങ്ങൾ ആർജവംപൂണ്ടു.
പുതിയ വസ്ത്രങ്ങൾ ഇനിയും
പഴയ തറിയിൽ ജനിക്കട്ടെ.
പഴയതും പുതിയതും പിച്ചിച്ചീന്തി
സുന്ദരികൾ പക്ഷെ,
നഗ്നരായിക്കിടന്നു.
അവർക്ക് ഒരു വസ്ത്രത്തിലും
വിശ്വാസമില്ലാതായി
ദേഹിയെ കഴുക്കോലിൽ തൂക്കിയിട്ട്
അവരും കിടന്നു
തെളിയാതെ, വിരിയാതെ
വാടിക്കരിഞ്ഞ മൊട്ടുകൾ
അമ്മയുടെ കുതിർന്ന മാറിൽ
തലചായ്ച്ചു കിടന്നു
അമ്മ ചുരന്നു
രക്തനിറമുള്ള പാല്...
എവിടെയാണ് ശാസ്ത്രം പിഴച്ചത്,
എവിടെയാണ് നിർവ്വചനങ്ങൾ
പുനരാവിഷ്‌ക്കരിക്കപ്പെട്ടത്,
എങ്ങിനെയാണെനിക്ക്
കുചേലനെന്ന പേരുവീണത്?
ഉത്തരമില്ലാചോദ്യങ്ങളാൽ
പൊറുതിമുട്ടി
നനഞ്ഞവസ്ത്രം പോലെ
വേതാളം ഏതോ മരക്കമ്പിൽ
ഞാന്നു കിടന്നു.
എന്റെ പാഴ്‌വസ്‌ത്രത്തിലാണ്
ഞാനിപ്പോഴും കിടക്കുന്നതും
നടക്കുന്നതും ഉറങ്ങുന്നതും
തൂങ്ങിയാടുന്നതും.
എനിക്കുള്ള കോടിമുണ്ടുമായ്
വരുന്നൊരു അവധൂതനെ
കള്ളകൃഷ്ണനെ
ഞാനിന്നും കാത്തിരിക്കുന്നു,
തകർന്ന വീട്ടിലെ
ചുമരിന്‍റെ ബാക്കിപത്രമെന്നപോലെ
നിഴൽ രൂപമായ്
മൃത ദേഹമായ്
കാത്തിരിക്കുന്നു...
No comments:
Post a Comment