എന്നാണ് അവനെ ഞാൻ
ആദ്യമായ് കണ്ടത്?
യൗവനത്തിന്റെ തീക്ഷണതയും
ആദർശത്തിന്റെ സൗരഭവും
നെഞ്ചിൽ വീർപ്പുമുട്ടി നിന്ന
കലാലയത്തിൽ
ആദ്യമെത്തിയ നാളിലോ?
അതോ ക്ലാസ്സ് മുറിയിൽനിന്നും
മോചനം തേടി
പറവകളെ പോലെ
ആകാശത്തേക്ക്
പറക്കുന്ന സായാഹ്നങ്ങളിലോ?
ലൈബ്രറിയിലെ
നിശബ്ദത തളം കെട്ടിയ
ഇടനാഴിയിൽ മുഖമില്ലാത്ത
ആരെയോ
തിരയുമ്പോഴും ആകാം.
എപ്പോഴാണവന്റെ നീലക്കണ്ണുകൾ
എന്നെ പിടിച്ചുലച്ചത്...
എന്നു മുതലാണവന്റെ
തത്വശാസ്ത്രം എന്റെ ഞരമ്പുകളെ
അസ്വസ്ഥമാക്കിയത്?
അവന്റെ വാക്കുകളുടെ തിളക്കമോ
അവയ്ക്കിടയിലെ
നിശബ്ദതയുടെ മൂർച്ചയോ അതോ
വെളുത്തു കൊലുന്നനെയുള്ള
അവന്റെ കയ്യിൽ കുരുക്കിയിട്ട
ഡയറിയോ
ഏതാണ് ആദ്യം
എന്റെ കണ്ണിലുടക്കിയത്?
ആ ഡയറിയിൽ എന്താവാം
എഴുതിയത്
എന്നറിയാനുള്ള അതിരു
കടന്ന ആകാംക്ഷയോ,
അതോ അവന്റെ കണ്ണിലെ
ആർത്തിരമ്പുന്ന കടലിന്റെ
നിഗൂഢതയോ,
എന്താണ്
എന്നെ ചകിതനാക്കിയത്
ഏതാണ് ആദ്യം വായിക്കുവാൻ
ഞാൻ ആഗ്രഹിച്ചത്?
അവനെ കാണുമ്പോൾ എന്നും
പേരറിയാത്ത
ഒരു കൗതുകം നെഞ്ചിൽ
പൂപോലെ വിരിഞ്ഞു, മെല്ലെ
ഒരു ചോദ്യമായ് മാറി
പിന്നെ അഗ്നിപർവ്വതമായ്
പൊട്ടിത്തെറിച്ച
അതിന്റെ ലാവയിൽ
ഞാൻ വെന്തു നീറി ഉടഞ്ഞു!
അവൻ നേതാവായിരുന്നു,
ജേതാവായിരുന്നൂ
ഞാനോ...
ആരോ ആയിരുന്നു
ആരുമല്ലായിരുന്നൂ...
അവനു ചുറ്റും എന്നും തേനീച്ചകൾ
പറന്നിരുന്നൂ
അവൻ ഒരുപേരറിയാത്ത
നിലാപുഷ്പമെന്നും
തോന്നിയിരുന്നു.
അവന്റെ വാക്കുകളിലെ
തീപ്പൊരികളിൽ വീണടിയാൻ
ശലാകകൾ പോലെ
ആരാധികമാരും
അതിനു പിറകെ മധുപൻമാരും
ചുറ്റും ആർത്തിരമ്പിയിരുന്നൂ.
അവനൊരു ആശയമായിരുന്നൂ
സ്വപ്നമായിരുന്നു
പ്രതീക്ഷയായിരുന്നൂ.
അങ്ങിനെയുള്ള ഒരു ദിവസം
ഒരു വേദിയിൽ അവൻ നിറഞ്ഞു
കത്തുമ്പോളാണ് അവനെ
ഞാൻ ആദ്യമായ്
മുഴുനീളം കേട്ടത്
ഹരി...
ഹരിയെ ഞാൻ പിന്നെ
പലയിടത്തും വച്ചു കണ്ടു
അവനെന്നെ കണ്ടില്ല
അറിഞ്ഞില്ല
പക്ഷെ
ഞാനവന്റെ പിന്നാലെ ഉണ്ടായിരുന്നു
നിഴലായി, നിറവായി, നിത്യതയായി
എന്റെ പിറകെയോ
മുഖമില്ലാത്ത എന്റെ നിഴൽ മാത്രം
പേരില്ലാത്തൊരു തത്വശാസ്ത്രം മാത്രം!
ആഘോഷ വേളയിൽ
സമര വേദിയിൽ
പഠന മുറികളിൽ
അവൻ ഒരുപോലെ തിളങ്ങി.
ഹരിയില്ലാതെ
ഹരിയെ കൂടാതെ
ആർക്കും ഒന്നും പറയുവാനില്ലാത്ത
നാളിൽ
അവന്റെ സാന്നിധ്യം
അവന്റെ അസ്തിത്വം
അവന്റെ നിലക്കാത്ത
ആഹ്വാനങ്ങൾ
എല്ലാം എനിക്ക്
അരോചകമായി തുടങ്ങി.
അവൻറെ ആർജവം
അവൻ വിടർത്തുന്ന ആശയങ്ങൾ
അതിൽ തെളിയുന്ന
പ്രത്യയ ശാസ്ത്രങ്ങളുടെ
പ്രഭ
അവൻ ചൊരിയുന്ന അർത്ഥങ്ങളുടെ
കേദാരം, അതിന്റെ ഓർമ്മകൾ
എല്ലാം, എല്ലാം എന്നെ
വ്യാകുലപ്പെടുത്തിയ നാളിൽ,
ഒരു നിമിഷം കൊണ്ട്
അവന്റെ ആശയത്തെ,
അതിന്റെ സത്തയെ
അസ്തിത്വത്തെ
ഞാൻ ഇല്ലാതാക്കി
ചോര കിനിഞ്ഞ എന്റെ കൈവിരലുകളാൽ
എന്റെ ജാതകം അവന്റെ
നെഞ്ചിൽ ഞാൻ
കോറിയിട്ട് കാത്തിരുന്നു
എന്റെ വിധിയെ!
എന്റെ അവതാരോദ്ദേശം
പൂർണതയിലെത്തിയ
ശുഭ മുഹൂർത്തം
ഉലകാകെ ഞാൻ നിറഞ്ഞ നിമിഷം
എല്ലാം എന്നിൽ ഒടുങ്ങിയ നിമിഷം
അവന്റെ കണ്ണിലെ നീലിമ
വിളറിയ നിമിഷം
അവൻ എന്റെ മാത്രമായി
എന്റെ മാത്രം ഹരിയായി.
എന്നിട്ടും
അവനിന്നും അനശ്വരനത്രെ
അവൻ വിതറിയ വിത്തുകളെല്ലാം
മുളപൊട്ടി പടർന്നു
പന്തലിച്ചൂ
അതിന്റെ വേരുകൾ തേടാൻ
ഞാനില്ലയിനി, കാരണം
ഉത്തരമില്ലാത്ത ചോദ്യങ്ങളായി
നമ്മൾ മാറിയിരിക്കുന്നുവല്ലോ!
ഹരീ, നീ എന്താണ്?
ഞാൻ തന്നെയല്ലേ നീ?
ഞാനിപ്പോഴും
തടവറയിൽ തന്നേ!
ആരുടെയോ ദയാവായ്പയും കാത്ത്
ആരെല്ലാമോ തീർത്ത
തടവറയിൽ
ആരോ ചവിട്ടി താഴ്ത്തിയ
പാതാളത്തിൽ
ശാപമോക്ഷത്തിനായ്
കാത്തിരിക്കുന്നൊരു അസുര ജന്മം!
പക്ഷെ ഞാൻ ഏകനല്ല
എന്റെ കൂടെ ഹരിയുണ്ട്
ഹരിയുടെ നീല കണ്ണുകൾ
ഇപ്പോഴും എന്നെ കാണുന്നു
എന്നെ അറിയുന്നൂ
എന്നെ മാത്രം...
ഇന്ന് ആദ്യമായ്
അവനോടു ഞാൻ കുമ്പസരിച്ചൂ
അവൻ ഡയറിയിലെഴുതിയിരുന്ന
വാക്കുകളെ ഞാൻ
എന്റേതാക്കി മന്ത്രിച്ചു,
നാമെല്ലാം
പ്രത്യയ ശാസ്ത്രങ്ങളുടെ
തടവറയിലാണ് ഹരീ
അതിനുള്ളിലെ വെറും
പ്രഹേളികയല്ലോ ഞാനും നീയും!
പിൻകുറിപ്പ് - കാലയത്തിലെ മരണങ്ങൾ ഒരിക്കലും അഭികാമ്യമല്ല, അവരുടെ ആത്മാക്കൾക്കു നിത്യശാന്തി.
അക്ഷരദീപം മാസിക, ജൂലൈ 5, 2020
No comments:
Post a Comment