വീട്ടിൽ നിന്നും
ഞാൻ പഠിക്കുന്ന
പള്ളിക്കൂടത്തിലേക്കുള്ള ദൂരം
ഒരു പാഠമായിരുന്നു
കൂടെ ജോർജുക്കുട്ടിയുണ്ട്
ചേരയെപ്പോലെ
മഞ്ഞച്ച ഇടവഴി താണ്ടി,
കുതിർന്നു വിടർന്ന
തോട് ചാടി
വാസൂന്റെ പറമ്പില് കൂടിനിക്കണ
വാഴക്കിളികളെ
നോക്കിക്കണ്ണിറുക്കി
ആരെയോ പ്രാകുന്ന കാളിത്തള്ള
അറിയാതെ
വേലിയിറമ്പിലെ കൊടുവേലി
വകഞ്ഞുമാറ്റി
ഈണത്തിൽ സോമനെ
കൂവി വിളിക്കും
മറുകൂവായ് അവനും സൂര്യനും
തെങ്ങിൻപൂക്കുല പോലെ
തെളിയും.
പുൽച്ചാടികളായ് തുള്ളിത്തുള്ളി
ഒരു പോക്കാണ് പിന്നെ
മൂന്നാളും കൂടി.
തലേന്ന് കണ്ട
പൂതത്തെ തൊട്ടു
ദാമോദരൻമാഷ്‌ടെ
ഹീറോസൈക്കിളു വരെ
ചെന്നു നിക്കും കിഞ്ചനവർത്താനം.
പോണ വഴിയൊരു കേറ്റമുണ്ട്
വല്ലാത്ത കേറ്റം
സ്വർഗംപോലും കാണാം
ഓടിക്കേറണം!
സ്വർഗത്തിൽ
ആദ്യമെത്തിയോന്റെ
പുസ്തകങ്ങൾ
അവസാനമെത്തിയോന്റെ
തലയിൽ
വച്ചുകൊടുക്കും രണ്ടാമൻ!
ഗമയിൽ കയ്യുംവീശി
ഒരു രാജാവായി
സോമൻ പലപ്പോഴും
നടന്നു പോകുമ്പോൾ
തലയിലെ ഭാരത്തെക്കാൾ
കുശുമ്പിനായിരുന്നു
ഭാരം കൂടുതൽ!
അന്നേ പഠിച്ചു
ഭാരം അളക്കാൻ!
ഒന്നാം മണിയടിച്ചാൽ
കൂട്ടയോട്ടമാണ്
ആദ്യമെത്താനല്ല
ഒന്നാംസാറിന്റെ ചൂരൽ
വാതുക്കൽ കാണും
അവസാനം വരുന്നവനെ ചൂണ്ടി
ചൂരൽ അലറും
കീചകൻ!
അലറുന്ന ചൂരലിനെ നോക്കി
തോരാമഴ പെയ്യും
താഴേക്ക്
ആഴങ്ങളിലേക്ക് ഒഴുകും
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ
പഠിച്ചത് അങ്ങനെയാണ്!
സ്‌കൂള് വിട്ടു വരണവഴി
അന്നത്തെ പാഠങ്ങളുടെ
കണക്കെടുപ്പ് നടത്തും
ജോര്ജുകുട്ടിയും സോമനും.
വേറെ ചില തെമ്മാടികളും
കൂടെയുണ്ടാകും
ഓരായിരം കഥകളോടെ.
അവരു പറയണ പയ്യാരം
കേൾക്കാനും രസമാണ്
ഓരോ കുളൂസ് പറഞ്ഞു അവരെന്നെ
വല്ലാതെ കൊതിപ്പിക്കും
സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടെന്നും
നോവായ്
പുഴയായ്
പ്രണയമായ് ഒഴുകുമെന്നും
അങ്ങനെയറിഞ്ഞു
അതോടെ പഠിപ്പ് വയസ്സറിയിച്ചു
എണ്ണിത്തീർക്കാൻ ബാക്കി
പൂജ്യം മാത്രം!
ജോര്ജുകുട്ടിയും സോമനും
ഇപ്പോൾ വെള്ളികെട്ടിയ
ചൂരലിനു
കാവൽ നിൽക്കുകയാണ്
കീചകന്മാർ ഊഴവുംകാത്ത്
വരിതെറ്റാതെ നിൽക്കുന്നു!
പിൻകുറിപ്പ്: സ്വപ്നം കാണാനാണ് ആദ്യം പഠിച്ചത്.
പിന്നെയൊരിക്കലും പഠനം അവസാനിച്ചിട്ടില്ല.
സമ്പ്രദായത്തിൽ തളച്ചിട്ട വിദ്യാഭ്യാസം
എന്നു സ്വാതന്ത്രമാകും എന്ന ചിന്ത
എന്നെ അസ്വസ്ഥനാക്കുന്നു.
No comments:
Post a Comment