ഭൂമി പതിവില്ലാതെ ഇന്നലെ,
സ്വന്തം അച്ചുതണ്ടിൽ
തിരിയുന്നത് ഒന്നു നിർത്തി,
സൂര്യനെ ഇനിയും ഭ്രമണം
ചെയ്യേണമോ
എന്നും കൂലങ്കഷമായി
ചിന്തിച്ചിരിക്കുകയായിരുന്നു!
ഇത്തരം സന്ദർഭങ്ങളിൽ
സൂര്യൻ അസ്തമിക്കാനും
ഉദിക്കാനും മടിച്ചു നിൽക്കുമത്രേ,
ഒരിടവേള തന്നെ!
സമയം
അനങ്ങാതായപ്പോൾ
അമ്പലപറമ്പിൽ
കൂട്ടരുമൊത്തു കളിച്ചിരുന്ന
വീട്ടിലെ കുട്ടി
കളിക്കളത്തിൽ തന്നെകിടന്നുറങ്ങി.
നേരം തെറ്റിയ നേരമായിട്ടും
കുഞ്ഞിനെ കാണാതായപ്പോൾ
വേപഥു പൂണ്ട്, അമ്മ
അവനെ തിരഞ്ഞു
എല്ലാ മാളങ്ങളിലും
തലയിട്ടു നോക്കി, എന്നിട്ടും കാണാതെ
കൈവിരൽ തുമ്പുകളാൽ
ഇരുട്ടിനെ ചികഞ്ഞു കൊണ്ടിരുന്നു!
കാവിൽ കുടിയിരുന്ന മഹാകാളി,
വൈകിട്ട്,
എമ്പ്രാൻ കൊളുത്തിയ
ഒറ്റക്കൽവിളക്കിന്റെ വെട്ടത്തു
കൽമണ്ഡപത്തിന്നരികെ
കൂളികളെ കാത്തു നിന്നതിനാൽ
അമ്മയുടെ വിളി കണ്ടില്ല!
സഹായം തേടി
മുപ്പത്തിമുക്കോടിദൈവങ്ങളെയും
വിളിച്ചു കരഞ്ഞാളമ്മ.
ദൈവങ്ങൾ...!
അവരും ഇരുട്ടിൽ തപ്പുകയായിരുന്നൂ
അവരെ സൃഷ്ടിച്ച ഭാവനയുടെ
പൊരുൾ തേടി...!
അച്ഛനോ...
അച്ഛൻ, ആരുടെയോ
അനപത്യ ദുഖത്തിന്റെ
ദോഷമകറ്റാൻ
പുത്രകാമേഷ്ടിയാഗത്തിനുള്ള
കൂട്ടൊരുക്കുകയായിരുന്നു കാമത്തിന്റെ നനവുള്ള
കറുത്ത മൺക്കലത്തിൽ!
മുത്തശ്ശി പക്ഷെ ഇതൊന്നുമറിയാതെ
ഒന്നിലും കൂസാതെ
രാമനാമം ജപിച്ചും
മൺചെരാതിൽ
ഒരു തിരിനാളംതെളിച്ചും
പണ്ടെന്നോ സിദ്ധികൂടിയ കാന്തനെ
തെരഞ്ഞു നടന്നു
സൂര്യനുദിച്ചിരുന്നപ്പോഴും
അവരതു മുടങ്ങാതെ
എന്നും ചെയ്തിരുന്നതല്ലേ!
പണ്ടെന്നോ
വയസ്സറിഞ്ഞ, അമ്മയുടെ
കനിഷ്ഠജ
ഏതോ ഗൂഢാർത്ഥസ്മിതം പൂണ്ടു
അടുക്കളയിലെ പുകയിൽ
ചാരിയിരിക്കുകയാണ്,
വെട്ടവും വെളിച്ചവും
ഇല്ലാത്ത ഒരു ഭൂമിയെ
അവൾ എത്രയോ നാളായി
കാത്തിരിക്കുന്നു!
അവൾക്കൊരു ഏട്ടനുണ്ട്
ഭൂമി നിശ്ചലയാകാൻ
തീരുമാനിക്കുന്നതിന്
മുൻപേ ഇറങ്ങിപ്പോയതാണ്
അവൻ, പൂയില്യൻ!
ഏതോ ഒരു തേപ്പുകാരിയുടെ
ആട്ടുംതൂപ്പുംകേട്ട്
അഴുക്കുമാറ്റാൻ
കുളിമുറിയിൽ കയറി
സ്വപ്നത്തെ രമിച്ചുകൊണ്ടിരുന്നു.
അവന്റെ തലയ്ക്കു ചുറ്റും
ചന്ദ്രകാന്ത പ്രഭ
വിടർന്നു തുടങ്ങി!
ഒഴിഞ്ഞ മനസ്സും
തപിക്കുന്ന വയറുമായി
ഉമ്മറക്കോലായിലെത്തി
അമ്മ, കുഞ്ഞില്ലാതെ.
കൂടെ ആയിരമായിരം
ആത്മാക്കൾ
പാതി മറച്ച മുഖവുമായി
അവരുടെ
പിന്നാലെ കൂടിയിരുന്നു!
തകർന്ന മനസ്സും
തുടിക്കുന്ന വയറുമായി
അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന
കഞ്ഞിയിൽ കണ്ണീരുപ്പുചേർത്തു
കലം അടച്ചു വച്ചു,
അമ്മയുടെ ഒരു കരുതൽ,
കളിക്കാൻ പോയ കുട്ടി വരുമ്പോൾ
കൊടുക്കാൻ...!
പിന്നെ, അവൾ ഭൂമിദേവിയെ
മനസ്സിൽ ധ്യാനിച്ച്
കിടന്നു...
ഉറക്കമുണർന്നാൽ എല്ലാം ശരിയാകും
എന്ന മോഹത്തോടെ...
ഭൂമിയെയന്നും വലംവച്ചു
പൂന്തിങ്കൾക്കല വിളിച്ചു
കൂവിയ
അക്ഷരങ്ങൾ
സൗരയൂഥത്തെരുവിൽ നിന്നും
പെറുക്കിയെടുത്തു
കവി പാടി, ഇനിയും
പറഞ്ഞയക്കരുതേ മനുഷ്യനെ
ഒരിക്കലും ഇതിലേകൂടീ..
No comments:
Post a Comment