Monday, August 10, 2020

കണക്കുകൾ

  

കണക്കിലെ കളി 

അറിയാമോ? 

ജീവിച്ചിരിക്കുമ്പോൾ നേരിട്ട് 

തീർക്കാൻ പറ്റണ 

കളികളേ കണക്കിലുള്ളു.


ജീവനോടെയിരുന്നാൽ 

ഉത്തരിപ്പ് കടം കൂട്ടി നോക്കാം 

കണക്കുകൾ 

പരസ്പരം കൊടുത്തു തീർക്കാം

പിടിച്ചു വാങ്ങാം 

അല്ലെങ്കിൽ വലിച്ചെറിയാം

ഉത്തരം ശരിയല്ലെങ്കിൽ 

പറഞ്ഞു തീർക്കാം 

പറ്റിയില്ലെങ്കില്‍,  എങ്കിൽ മാത്രം 

കരഞ്ഞും അരിഞ്ഞും തീർക്കാം

കണക്ക് കൂട്ടാതെയും പോകാം!

 

മരിച്ചുകഴിഞ്ഞാൽ അവരിറങ്ങും.

ഭൂതത്തെ കാണുന്ന കോമരങ്ങൾ 

ആത്മാക്കളുടെ ദല്ലാളന്മാർ 

കണക്കുമായി വരും

വട്ടംകൂടാത്ത  ചതുരപ്പലകയിൽ 

വരച്ച  കളങ്ങളിൽ 

വെളുത്ത കണക്കുകൾ നിരത്തും 

കൊടുക്കാതെ നിവർത്തിയില്ല

പരേതാത്മാക്കളുടെ കണക്കാണ്  

ശാസ്ത്രമാണ് 

തീരണം,  കണക്ക് തീർക്കണം!


എല്ലാം കണക്കാണ്,

കണക്കിലാണ് കാര്യം

കൂട്ടലും കിഴിക്കലുമാണ് 

പ്രാഥമിക പാഠം.


ബന്ധങ്ങൾ അങ്ങിനെ

കണക്കുശാസ്ത്രമായി 

പരിണമിച്ചു കൊണ്ടേയിരിക്കുന്നു!


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...