Wednesday, August 26, 2020

പാഠഭേദങ്ങൾ

  

ഗുരു സാന്ദീപനി ചിന്തയിലായിരുന്നു. ഇന്നത്തെപാഠം ഇതുവരെ തയ്യാറാക്കിയിട്ടില്ല. എങ്ങനെ തുടങ്ങും, എങ്ങനെ ഒടുങ്ങും? 

നാളെയുടെ ഭാരതം നമ്മുടെ  ശിഷ്യരുടെ കയ്യില്ലല്ലേ... പാഠങ്ങൾ ഇവരുടെ വരുതിയിലാവണം. പിഴക്കരുത്, പിണക്കരുത്. 

സാന്ദീപനിയുടെ ഇന്നത്തെ പ്രഹേളിക അതായിരുന്നു. ഗുരു ധ്യാനത്തിലാഴ്ന്നു. താടി ചൊറിഞ്ഞു വരുന്നത് കാര്യമാക്കിയില്ല. 

ചിന്ത,  ചിന്തയിൽ മുളയുന്ന ചൊറിച്ചിലിൽ ശ്രദ്ധ ചെലുത്തി.

കലിയുഗ ഭാരതഖണ്ഡത്തിൽ നവഭാവ ശൈലിയുണ്ടാവണം, തുടർച്ചയാവണം, ചിന്തയെ ഉത്തേജിപ്പിക്കണം. തൊഴിലാളികളുടെ എണ്ണംകൂട്ടണം, പഠ്യേതരവിഷയം തീർച്ചയായും വേണം. ചൊറിച്ചിൽ കൂടിവന്നു. അതോടെ ചിന്തയുടെ തീവ്രതയും ഏറി. 

എല്ലാ ഗുരുക്കളെയും പോലെ, സാന്ദീപനിയും ഭൂമിയുടെ ഭാരം തന്റെ തലയിൽ തന്നെയാണ് വച്ചിരിക്കുന്നത്.

ഭാവിഭാരതനിർമ്മിതിയെ കുറിച്ചുള്ള ചിന്തയാൽ  തലയാകെ പുകഞ്ഞു, ഗുരുവിന്.

ഇതെല്ലാം കിടക്കപ്പായിലിരുന്നു തന്നെ നിർവഹിച്ചു അദ്ദേഹം. ചിന്തകൾ അങ്ങിനെയാണ്, ഇന്നയിടം എന്നില്ല. കിടക്കപ്പായിലിരുന്ന് അദ്ദേഹത്തിന് പലകർമ്മങ്ങൾ ചെയ്യാനുള്ള സിദ്ധിയും ഉണ്ടായിരുന്നു. മഹാരഥൻ തന്നെ!

എന്നാൽ ഗുരുപത്നിയുടെ അന്നത്തെ പ്രഹേളിക അടുപ്പിലെ തീയായിരുന്നു. അല്ലെങ്കിലും ഗുരുപത്നിമാരുടെ ഉള്ളിലെ തീ മുഴുവനായി കണ്ടവരാരുണ്ട്,  ഇന്നും. 

അടുപ്പിൽ പുകയ്ക്കാൻ വിറകില്ലെന്നു ആരോടെന്നില്ലാതെ പിറുപിറുത്ത പത്നിയെ വാത്സല്യത്തോടെ താടിക്കൊന്നുതട്ടി, ‘ ഇപ്പൊ ശരിയാക്കാം’ എന്നു  മൊഴിഞ്ഞു. സാന്ദീപനിക്ക് ആശയങ്ങൾ ഉറവെടുത്തു തുളുമ്പി വന്നു. 

ഉള്ളിലെ ഗൂഢോദ്ദേശം വെളിക്കെടുത്തില്ല. അദ്ദേഹം പുറത്തിറങ്ങി. ശുദ്ധവായു മുഖത്തടിച്ചപ്പോൾ  ആശ്വാസമായി,  തല്ക്കാലം.  

മരച്ചോട്ടിൽ ബഹളം വെക്കണ ആശ്രമത്തിലെ കുരുത്തംകെട്ട അന്തേവാസിക്കുരുന്നുകളുടെ ഹാജരെടുക്കാൻ തുടങ്ങി. കുളത്തിൽ മുങ്ങിയാൽ പുഴയിൽ നിവരണ ജാതിയാണ് പലരും. കുലമഹിമ തൂത്താൽ പോവില്ല!

കഥയിലൂടെ പറഞ്ഞാൽ പഠിക്കാത്ത ജന്മങ്ങൾ! കഥ വായിക്കാനേ കൊള്ളൂ, പഠിക്കാൻ അനുഭവം തന്നെ വേണം. ആത്മഗതങ്ങൾക്കും ചിന്തകൾക്കും അർദ്ധാവിരാമം കൊടുത്തു ഗുരു. 

 ശേഷം (തെളിച്ചം), 

“കാട്ടിൽപോയി വായ്‌നോക്കാതെ വിറകു പെറുക്കിയെടുക്കുക,  പാഥേയമായി പോണവഴിയേ കിട്ടണ പഴവർഗങ്ങൾ കരുതുക, ബാക്കിയുള്ളത് തെളിവായി ഇവിടെ സമർപ്പിക്കണം,  തിരികെയെത്തിയാൽ”,  എന്ന ദുഷ്ക്കർമ്മവും കല്പിച്ചു. ഗൂഡലക്ഷ്യത്തിന്റെ കുളുർമയിൽ ഗുരു രോമാഞ്ചം പൂണ്ടു പൂത്തുലഞ്ഞു. ലക്ഷ്യം ലോഭം തന്നെ.

പ്രത്യേകം നിബന്ധനകൾ പറഞ്ഞു വച്ചു ശിഷ്യരെ കർമ്മബദ്ധരാക്കി. 

“ഒരു കെട്ടിലൊതുങ്ങണം വിറക്. ഗാണ്ഡവ ദഹനത്തിനുള്ള പരിശീലനത്തിന് സമയമായിട്ടില്ല. ആകുമ്പോൾ താനേ അറിയും”. 

ഇതു കൃഷ്ണനുള്ള താക്കീതാണ്. ഗുരു ഒന്നിരുത്തി മൂളി. കള്ളകൃഷ്ണൻ സുദാമനെ നോക്കി കണ്ണിറുക്കി ചിരിച്ചു. ആരാണാദ്യം അറിഞ്ഞത്?  ഗുരുവോ ശിഷ്യനോ?  ഒന്നുമറിയാത്ത സുദാമൻ മറുചിരി ഉള്ളിലൊതുക്കി ചങ്ങാതിയെ ആരാധനയോടെ നോക്കി പിറുപിറുത്തു,  ‘കള്ളാ...’

‘തല്ക്കാലം അടുപ്പെരിയട്ടെ...’ (ഗുരു, സ്വഗതം). പത്നിയുടെ മനസ്സും തണുക്കട്ടെ.

താത്വികമായി പറഞ്ഞാൽ ഭാവിയാണ് വിഷയം. സാന്ദീപനി നേരെവാ നേരേപോ എന്ന മട്ടിലാണ് പാഠ്യവിഷയങ്ങൾ തയ്യാറാക്കുക. കഥയ്ക്ക് പ്രാമുഖ്യമില്ല,  അദ്ദേഹത്തിന്റെ ഗുരുകുലത്തിൽ.

പ്രാവർത്തിക തലം കൂടി ഉൾക്കൊണ്ടായിരിക്കണം പാഠ്യപദ്ധതി എന്നതായിരുന്നു ഗുരുകുലസമ്പ്രദായത്തിന്റെ പ്രഥമ പരിഗണന.  അല്ലാതെ ദോഷൈകദൃക്കുകൾ പറയും പോലെ ഇതൊന്നും  പാശ്ചാത്യ ഇറക്കുമതിയല്ലന്നേ!

പിന്നെ മത്സരം ഗുരുകുല സമ്പ്രദായത്തിലും ഉണ്ടായിരുന്നു കേട്ടോ. സാന്ദീപന്റെ രീതിയെ ചോദ്യം ചെയ്യുംവിധം ഭരധ്വാജ ഗുരുകുലം വളർന്നിരുന്നു. ആയോധനമാണ് അവിടെ ഐശ്ചികവിഷയം. പേരുകേട്ട വിദ്യാർഥികൾ അങ്ങോട്ടാണ് ഒഴുകുന്നത്. 

ചിന്തയിൽ നിന്നും ഗുരു  വലിഞ്ഞു. കുശുമ്പ് പിന്നാലെ കൂടി. അദ്ദേഹം തലയൊന്നു കുടഞ്ഞു ഭരധ്വാജ ചിന്ത വെടിഞ്ഞു.

കർമ്മത്തിലേക്കു വരാം. വെണ്ണക്കള്ളൻ (നമ്പാൻ പറ്റില്ല) കണ്ണന്റെകൂടെ സുദാമൻ. അതാണ്കണക്ക്. ധാരാളിയുടെ കൂടെയൊരു ദരിദ്രവാസിച്ചെക്കൻ കാണും എന്നും. നാട്ടുനടപ്പാണ്. സാന്ദീപനി കുട്ടികളെ ഗണത്തിലാക്കി തിരിച്ചു, കാട്ടിലേക്ക് തള്ളിവിട്ടു. 

പോയിവരട്ടെ, പഠിക്കട്ടെ. ഇത്ഥം കരുതി ഗുരു. ക്ളീഷേ തന്നെ. 

കഥയിലും സിനിമയിലും ജീവിതത്തിലും മാറാത്ത ക്ലീഷേ! 

'വിറകെപ്പൊക്കിട്ടുമോ എന്തോ' എന്ന് ശ്യാമളയെ പോലെയോ സീതയെ പോലെയോ ചിന്താവിഷ്ടയായി പ്രാകാൻ വേണ്ട സ്ക്കോപ്പില്ലാത്ത ഗുരുപത്നി ചുറ്റുവട്ടത്തുള്ള ചുള്ളിക്കമ്പൊക്കെ കൂട്ടിയിടാനുള്ള ഒരുക്കമായി. അടുപ്പിൽ തീ പുകയണം, കാപ്പി അനത്തണം. പാവം വീട്ടമ്മ,  അവരുടെ സ്ഥായീഭാവം എന്നും ഒന്നുതന്നെ.  നരച്ച മുടിയും ചന്ദനക്കുറിയും ചുളിഞ്ഞ നെറ്റിയും അഴുക്കുള്ള മേൽമുണ്ടും! ദാരിദ്ര്യം തന്നെ. മെലോഡ്രാമയിൽ അധിഷ്ഠിതമാണ് ഇത്തരം ജന്മങ്ങൾ. യുഗങ്ങൾ കഴിഞ്ഞാലും ഡയലോഗ് ഒന്നു തന്നെ!

സ്വന്തം തലവിധിയെ പഴിച്ചുകൊണ്ട്,  നരച്ച രണ്ടാം മുണ്ട് ശബ്ദത്തിൽ കുടഞ്ഞു അവർ തെക്കിനി കടന്നു (മരത്തണലിൽ ഇരുന്നു ശിഷ്യഗങ്ങൾക്ക് നിർദ്ദേശം കൊടുക്കുന്ന ഭർത്താവിനെ നോക്കി ദീർഘശ്വാസവും വിട്ടു കാണും).

അതല്ലല്ലോ ഇവിടെ,  ഇന്നത്തെ ചിന്താവിഷയം.

പാഠഭാഗത്തിന്റെ ഔചിത്യം ചോദ്യം ചെയ്യാൻ പാടില്ലാത്ത ദ്വാപരയുഗത്തിലായിരുന്നു കൃഷ്ണനും സുദാമനും അവതാരമെടുത്തത്. ഗുരുകുല സമ്പ്രദായമായിരുന്നു ത്രേതായുഗം തൊട്ടുള്ള രീതി.

എന്നിട്ടും, വിറകുതേടി മറ്റുള്ളവരുടെ കൂടെ കൂടാതെ കള്ളകൃഷ്ണൻ സ്വന്തം വഴിയിലൂടെ പോയി, പിറകെ ശിങ്കിടിയും. 

അല്ലെങ്കിലും വഴിമാറി നടന്നാണ് കണ്ണന് ശീലം, പിൻഗാമിക്ക് പക്ഷെ വേറെ മാർഗമില്ല.

നമ്പ്യാരു പിന്നീടത് തുള്ളി പറഞ്ഞിട്ടുണ്ട്,  മുൻപേ നടക്കണ പശൂന്റെ പുറകു നോക്കി...!

അരക്കു കിനിയുന്ന ലക്ഷതരു വൃക്ഷം തിരഞ്ഞെടുത്തു വലിഞ്ഞുകേറി, ഇരിക്കാത്ത കമ്പുമുറിച്ചു, ഇരിപ്പുറക്കാത്ത കള്ളൻ...

അരക്കില്ലം പണിയണ ഒടിവിദ്യ പുരാതന കൗരവരും പിന്നീട് ആധുനികരും പഠിച്ചത് കൃഷ്ണവംശീയരിൽ നിന്നാണത്രെ. പരദൂഷണം വായുവും പിന്നെ കടലും പാടിനടന്നിട്ടുണ്ടല്ലോ, പണ്ടേ...

യാദവർ പക്ഷെ ഒടുങ്ങിയത് തീ കൊണ്ടല്ല മുള്ളു കൊണ്ടാണെന്നത് ചരിത്രം! അതിന്റെ ബാക്കിപത്രം ഇങ്ങു ദക്ഷിണദേശത്തും കാണും.

കഥയേതായാലും, മരംകേറിച്ചെക്കന്റെ ദാക്ഷിണ്യത്തിൽ, ചിതറിവീണ ചില്ലകൾ പെറുക്കിയെടുത്തു കൂടെയുള്ള ദരിദ്രവാസി ചെക്കൻ, സുദാമൻ.

പാഠഭേദം പരദൂഷണമായി വേറെയും ഉണ്ട്. കുട്ടികൃഷ്ണൻ മരക്കൊമ്പിലിരുന്ന് ഈരേഴു ലോകവും കണ്ടു രസിച്ചപ്പോൾ,  അതു രസിക്കാത്ത ചെക്കൻ താഴെയിരുന്നു കയ്യിലിരുന്ന പാഥേയം ഒറ്റക്കു ഭുജിച്ചു രസിച്ചു. അന്നാണ് അവനു കുചേലൻ എന്ന് പേരു വീണതത്രേ. ആർത്തിയുടെ പര്യായം!

തൃകാലജ്ഞാനി ആയ കണ്ണൻ കണ്ണടച്ചു,  കാഴ്ചകൾ കണ്ടു തീർന്നപ്പോൾ മരമിറങ്ങി വന്നു. താഴെയിറങ്ങിയാലേ സമ്മാനം കിട്ടൂ എന്നത് പ്രത്യേകം പഠിക്കേണ്ടതില്ല കണ്ണന്,  പഠിപ്പിച്ചേ ശീലമുള്ളു.

പീലി വകഞ്ഞുമാറ്റി വിറകുക്കെട്ടു തലയിലേറ്റി തലയെടുപ്പോടെ നടന്നു,  കണ്ണൻ.

കക്ഷത്തു ചില്ലിക്കമ്പിൻക്കെട്ടുമായ് സുദാമൻ പിറകിലും. പാഠങ്ങളുടെ തുടക്കം! പാഠഭേദങ്ങളുടെയും.

അന്നേ കുറിച്ചിരുന്നു രണ്ടുപേരുടെയും തലക്കുറി. കലിയുഗത്തിലും കൂടെക്കൂടിയ ബാധ...

സാന്ദീപനി പകർന്നു കൊടുത്ത ദോഷം...

ഗുരുകുല സമ്പ്രദായം ഇന്നും തുടരുന്നു, ഗുരുക്കളുടെ രൂപം മാറി, അഭ്യാസം കേന്ദ്രീകൃതമായി. ഫലം ഒന്നു തന്നെ! 

യുദ്ധം, അതിനു പിറകെ ദാരിദ്ര്യം...

സാന്ദീപനിയുടെ കഥ ഇവിടെ തീരുന്നില്ല.


കഥാശേഷം

-------------------

കുചേലനിന്നും പിച്ചച്ചട്ടിയിൽ ചില്ലി പെറുക്കി കണ്ടിടം തെണ്ടി നിരങ്ങുന്നു. 

പഴയ ബന്ധം പുതുക്കാൻ, ബാന്ധവമൊരുക്കാൻ, പഴംകഥയുടെ പൊരുള് തേടി, സഹപാഠിയെ തേടി,  സഹായം തേടി!

നാണമില്ലാത്ത വർഗ്ഗം!

കൃഷ്ണനോ... അരക്കിന്റെ നിർമ്മാണം മൊത്തമായി ഏറ്റെടുത്തു.

പൂവം, ഇലന്ത, പ്ലാശ് അങ്ങിനെ പൊട്ടിത്തെറിക്കണ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കർഷകർക്ക് ജിഎം വിത്തുകൾ കടംകൊടുത്തു, മാഫിയ രാജാവായി വാഴുന്നു.

സാന്ദീപനിയാണ് ഗുരു, പഠിച്ചത് ദ്വാപരയുഗത്തിൽ.

മറുഭാഗത്തോ,  ഭരധ്വാജൻ ദ്രുപദന്റെയും ദ്രോണാന്റെയും വർഗ്ഗങ്ങളെ ആയോധനമാർഗങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആധുനികത്തിലും  മത്സരം  ഗുരുക്കന്മാർ തമ്മിൽ ആണല്ലോ!

ഭാരതയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല.

അവതാരങ്ങൾ അങ്ങിനെയാണ്, പലരൂപത്തിലും ഭാവത്തിലും നിറത്തിലും വിളയും. 

ചൂതിനുള്ള കരുക്കൾ പിന്നാമ്പുറത്തു നിരത്തും. എങ്കിലും ദൂത് തുടരും, ഒടുവിൽ ഗീത ചൊല്ലും...

എല്ലാ യുഗങ്ങളിലും അവരുടെ സാമിപ്യം തേടി നിരങ്ങും അഭിനവ കുചേലന്മാർ!

ഭാരതയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. കുചേലൻ പിറകെയുണ്ട്, ഒഴിയാബാധ പോലെ... 


കുറിപ്പ്: വിദ്യാഭ്യാസ സമ്പ്രദായത്തിലെ ദൂഷ്യമോ സമൂഹത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഉച്ചനീചത്വമോ,  ഏതാണ് അസമത്വം നിലനിൽക്കുന്നതിനു  പ്രധാന കാരണമാകുന്നത്? 

ഞാൻ അസ്വസ്ഥനാണ്... aj    


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...