Friday, July 31, 2020

ചങ്കാതികൾ


അവരവിടെയുണ്ടാകും...
അന്നെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു
വൈകുന്നേരങ്ങളിൽ
മുക്കിലെ തട്ടുകടയിലെ
ചുക്കുകാപ്പി സ്വപ്നം ചേർത്ത്
ആറ്റിയാറ്റിക്കുടിക്കും
ഉള്ളിവടയും ചിലപ്പോൾ വാങ്ങും
ആദ്യത്തെ കടിയിൽ തന്നെ
നാവറിയുന്ന മുളകിനും ഉള്ളിലെ നോവിനും
പേരില്ലാത്ത വിഹ്വലതകൾക്കും
ഒരേ എരിവായിരുന്നു.

പിന്നെ ആളൊഴിഞ്ഞ കടത്തിണ്ണയിൽ
മങ്ങിയ തെരുവിളക്കിന്റെ
വെളിച്ചത്തിൽ
കഥയോലക്കെട്ടഴിക്കും.

എന്റെ അനുഭവങ്ങൾ,  കാമനകൾ
അവരുടേതുമായിരുന്നു.
ഞാൻ ചിരിച്ചാൽ പ്രപഞ്ചമാകെ
കുലുങ്ങും വിധം അവരും ചിരിക്കും
പൊട്ടിപ്പൊട്ടിച്ചിരിക്കും
അതുകേട്ടു ഞെട്ടണ
സങ്കടക്കിടാങ്ങൾ
കരിങ്കൽച്ചീളുകളായ്
തകർന്നടിയും,  മണ്ണിൽ, മനസ്സിൽ!
ഞാൻ പൂനിലാവായാൽ
അവർ ആകാശഗംഗയാകും
പ്രപഞ്ചമാകെപ്പടരുന്ന
നിറവെണ്മയിൽ ഞാനലിയും
അതിലൂറുന്ന തേൻകിനാവിൽ
പതഞ്ഞൊഴുകുന്ന
സൗഹൃദത്തിനു
അമൃതിനേക്കാൾ മധുരം
ഇളംക്കള്ളിനെക്കാൾ ലഹരി.

എന്റെ നെഞ്ചിലെ
വിദ്വേഷം ഇടിവെട്ടുമ്പോൾ
എന്റെ ദന്തക്ഷതങ്ങളിൽ
അക്ഷരങ്ങൾ ഞെരിഞ്ഞരയുമ്പോൾ
എന്റെ കണ്ണിലെ ഉറവപൊട്ടി
അടരുന്ന ചിതറുന്ന
അസ്വസ്ഥതകളുടെ പരാഗരേണുക്കളെ
കോരിയെടുത്തവർ
കാറ്റിലൊഴുക്കും
കടലിലുരുക്കും
ചക്രവാളത്തിന്റെയങ്ങേക്കരയിൽ
കത്തുന്ന ഒറ്റവിളക്കിൽ
നിന്നുമൊരു കണമെടുത്തു
ചിതയൊരുക്കും
അതിലെല്ലാമൊടുങ്ങും വരെ
തീയണയും വരെ
കാലങ്കോഴി കൂകി ഇണയെയുണർത്തും വരെ എനിക്ക്
കാവൽ നിൽക്കും
“ആഹാ  ഊഹൂ” എന്നു മറുകൂവലാൽ
കാലനെ തച്ചോടിക്കും
ഇണക്കോഴി
ഇണങ്ങാത്ത കാലൻ കോഴി,
അന്നേരം കൂടണയാൻ നേരമാകും
ഞങ്ങൾക്കും.

അന്ന് അവരങ്ങനെയായിരുന്നു
എന്റെ ചങ്ങാതിമാർ
ചങ്കാതികൾ.

ഞാനോ...
ഇന്നും
ചക്രവാളത്തിന്റെയങ്ങേക്കരയിലേക്കു
കാറ്റിന്റെ പിറകെ
കടലിന്റെ പിറകെ
ഒരു മൗനവേതാളമായ്
കൂടിയിരിക്കുന്നു
ഉത്തരം വേണ്ടാത്തതിനാൽ
ചോദ്യമില്ലാത്ത വേതാളം.

അവിടെ അവരുണ്ടാകും
എന്റെ ബാല്യകാല ചങ്ങാതികൾ
അവർക്കിടയിലത്രേ
ഞാൻ ഇട്ടേച്ചു പോന്നത്...
എന്റെ ചങ്ക്.

പരിചയപ്പെടുത്തൽ



ഞാൻ അവധൂതൻ 
ഒരു സ്വപ്നസഞ്ചാരി 
ഇടവേളകളിൽ അർത്ഥികളെ 
വിദ്യ അഭ്യസിപ്പിക്കുമായിരുന്നു 
ഓരോ പാഠമുറികളും 
പുതിയ അർഥങ്ങളായുറഞ്ഞു തുള്ളി 
എപ്പോഴോ, മടുപ്പിൽ അഭിരമിച്ചു 
മടുപ്പുകുഞ്ഞുങ്ങളെ പ്രസവിച്ചു 
മടുപ്പിനെ നിർവചിച്ചു മടുത്ത
എല്ലാം മടുത്ത
ഒരു അവധൂതൻ!

ഇനി പഠനം, 
നാല് ചുവരുകൾക്കപ്പുറത്തേക്കും 
അന്വേഷണരൂപത്തിൽ 
ആകാംക്ഷച്ചിറകിൽ
പഥികഭാവത്തിൽ 
പുതു നിറവുകളുടെ 
ഉറവ് തേടി 
ഭൂമിയുടെ അറ്റത്തേ 
ചക്രവാളത്തിന്റെ  തിട്ടയ്ക്കരികെ
മൺവിളക്കുമായ് 
കാത്തിരിക്കണ ആത്മാവ് 
കുടിയിരിക്കണ കുടിലിനെക്കുറിച്ച് പഠനം. 

തിരയുന്നതോ 
ചിന്തകളെ, 
പണ്ടെന്നോ കുടിലിന്റെ 
ഈശാനകോണിലൊളിപ്പിച്ച 
അക്ഷരക്കൂട്ടങ്ങളെ, 
മയിൽപ്പീലിത്തുണ്ടുകളെ 
മതിവരാത്ത കാമനകളെ, 
അകാരത്തിൽ തുടങ്ങി
അകാലത്തിലൊടുങ്ങുന്ന
ഭ്രാന്തൻ ജല്പനങ്ങളെ, 
ചികഞ്ഞു കൊണ്ടേയിരിക്കുന്നു  

ഇപ്പോൾ 
സ്വപ്നം എന്നെക്കണ്ടുതുടങ്ങിയിരിക്കുന്നു 
ഞാൻ അനവധൂതൻ!

തുടക്കം ഒടുക്കം


തുടക്കം
------------
തൊട്ടു നിൽക്കാതെ, യിനി
നോക്കി നിൽക്കാതെ-
യരികത്തണഞ്ഞു
കൈകോർക്കാതെ,യീ മുഖം
പാതി മറച്ചിനി നേരിടാമൊന്നായ്
കൊറോണയാൽ
തീർത്തോരിരുണ്ടകാലം.
മാരിയല്ലോ മഹാമാരിയല്ലോ...
ദീപനാളം കൊളുത്തുക
മാറട്ടെ,
സൗഖ്യം വരിക്കുക നാം...

ഒടുക്കം
------------
കൈക്കഴുകിക്കഴുകിക്കുഴഞ്ഞെന്റെ
തേവരെ..
എത്ര നാളായിനിയെത്ര നാളോ
മുഖം പാതിമറച്ചൂ
നടന്നെന്റെയോർമ്മകൾ പാതിയും
വേരറ്റു, നീരറ്റടർന്നു പോയീ...
കാക്കുവാൻ വയ്യിനി തേവരേ നീയെന്റെ
വീട്ടിലേക്കുള്ള വഴി പറയൂ... !

Like
Comment
Share

കുട്ടികൾ


ഈ കുട്ടികൾ നമ്മുടെ സ്വന്തം
--------------------------------------------
ഈ കുട്ടികൾ എഴുതുന്ന
അക്ഷരങ്ങൾക്കെന്തിത്ര മൂർച്ച!
അഗ്നി പോലും പൊള്ളലേറ്റു
അലറികരയും.
മൃതിയുടെ തണുപ്പ് തേടും
പിന്നെ ഒരു ഉന്മാദിയെപ്പോലെ
അക്ഷരങ്ങളെ വിഴുങ്ങും,
പക്ഷെ, ഊതിക്കാച്ചിയ പൊന്നുപോലെ
അക്ഷരങ്ങൾ മാലകളാകും
അർത്ഥത്തെ ഗർഭം ധരിക്കും
ഈറ്റില്ലത്തിൽ വാക്കുകൾ
പിറന്നു വീഴും
ഈറ്റുനോവിൽ അഗ്നിയുടെ
സ്ഫുലിംഗങ്ങൾ ചിതറും
അതിലൊരു കണം
അനുവാചകന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങും
വേദനയായ് പടരും ഒരു
നീരുറവയായ് ഒഴുകും
ഊഷര ഭൂമിയെ ഉർവരയാക്കും
വിത്തുകളെല്ലാം നീണ്ട ഉറക്കം വെടിഞ്ഞുണരും
ഋതുമതിയാകുമ്പോൾ
കുളിച്ചു കുറിയിട്ടൊരുങ്ങി നില്ക്കും
സൂര്യനെ പ്രാപിക്കാൻ
പ്രണയത്തിലൂടെ
കവിതയായ് വിടരാൻ.
രതിനിശ്വാസങ്ങൾക്കൊടുവിൽ
ചിതറിവീണ അക്ഷരങ്ങളെ
അലസമായ് പെറുക്കിയെടുക്കും
പുതിയ കവിതകൾ പിറക്കാൻ
പിന്നെയും അക്ഷരങ്ങളെ
പെറുക്കി കൊണ്ടേയിരിക്കും!

അർത്ഥന


വിരിയാതെ വയ്യെന്റെയുള്ളം തുടിക്കവേ
തോരാതെ വയ്യിനി വാക്കായ് വചസ്സാ-
യുതിർക്കേണമേയെന്റെ കല്പനാരൂപമായ്
തീർക്കേണമേയൊരു ചാരുതാ ശില്പമായ്
ദേവീ, 'അകത്താരു' നീ തിരക്കുമ്പോൾ പുറ-
ത്താരു, ഹേ, യെന്ന ധാർഷ്ട്യമിതു തോന്നായ്ക-
വേണമിനി തോന്നേണമേ നിന്റെ പുണ്യ
നാമങ്ങളേ മാത്രം മനസ്സിൽ, സ്വരത്തിൽ...

പൂക്കൾ


കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന 
നക്ഷത്രപ്പൂക്കളെ 
കണ്ടിട്ടുണ്ടോ 
ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ 
ആ പൂക്കളെ 
പോലെയാണല്ലോ എന്റെ മനസ്സും 
ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്!

അതല്ല വേണ്ടതത്രേ, 
നിസ്സംഗനായി 
സർവം ത്യാഗിയായ 
സന്ന്യാസിയുടെ നിർവാണമാർഗമല്ലോ 
മരണം!

മുഹൂർത്തമടുത്താൽ 
തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന 
ശബ്ദമണയും,  അപ്പോൾ   
ആത്മാവിനുണരാം  
ജീർണിച്ച തേരുവിട്ടിറങ്ങാം 
കാലത്തിന്റെ ഗുഹാമുഖത്തേക്കു 
നൂണ്ടിഴയാം, 
അന്ന് 
അനശ്വരനാകാം 
സ്മൃതിയെ വരിക്കാം.
ഇതാവാം മരണത്തിന്റെ തത്വശാസ്ത്രം!

കൂടുവിട്ടു കൂടുമാറുന്ന 
ഒരു ചെപ്പടി വിദ്യയെന്നും  
ചിലർ മരണത്തെ 
വ്യാഖാനിച്ചൂ, വരിച്ചൂ!

നേരും നുണയും ഭാവനയും 
വേർതിരിക്കാനാവാതെ 
ഞാൻ,  ഞാൻ മാത്രം 
ചിതലുകൾക്കായ് പുറ്റുകൾ 
തീർത്തു 
കാത്തിരുന്നൂ,  എന്തിനോ... 

പാവം, 
എന്റെ അമ്മ
തോരാതെ 
പെയ്തൊഴിഞ്ഞു.
അവരുടെ സ്വപ്നവും
ഭൂതവും ഭാവിയും 
അസ്തിത്വവും 
ഒന്നായ് തകർന്നുപോയല്ലോ.
അവരുടെ മഴനൊമ്പരത്തിൽ
വേർപാടിന്റെ ശൂന്യതയിൽ 
പേരറിയാ പരിദേവനത്തിൽ  
മരണത്തിന്റെ നിർവചനങ്ങളും 
വ്യാഖാനങ്ങളും കാഴ്ചപ്പാടുകളും 
മൃതിയുടെ 
കാവൽക്കാർ മാത്രം
കാഴ്ചക്കാർ മാത്രം!

അമ്മയുടെ നെഞ്ചകം 
പിന്നെയും വിങ്ങീ
കൂലം  കുത്തിയൊഴുകീ 
അറ്റം കാണാതലഞ്ഞൂ
പുതു ജലരേഖകൾ തീർത്തൂ.
മരിച്ച ആത്‌മാക്കൾക്കായ് 
കൽവിളക്കും കൊളുത്തി 
നിൽക്കുന്ന 
സാലഭഞ്ജികകൾ
നോക്കിനിന്നൂ,  വെറുതേ, 
പിന്നെ
ഇരുട്ടിന്റെ മുഖംമൂടി 
എടുത്തണിഞ്ഞു.

അമ്മയെന്നിട്ടും തോരാതെ 
ഒഴുകീ, 
അതിന്റെ നൊമ്പരതീരത്ത് 
വായ്ക്കരിയ്ക്കായ് 
ആത്‌മാക്കൾ 
വരികൾ തീർത്തു.

ഞാൻ ഇപ്പോഴും ഇവിടെയീ 
മൺകൂനക്കരികെ 
പൂവിന്റെ നിർഗന്ധവും 
പേറിയിരിക്കുന്നു

നിശാപുഷ്പങ്ങളോ, 
നക്ഷത്രക്കുഞ്ഞുങ്ങൾക്കായ് 
താരാട്ടു പാടിത്തുടങ്ങി 
ആകാംക്ഷയെ 
നിത്യ നിദ്രയിലാഴ്ത്താൻ!



ഉറുമ്പുകളുടെ വരി

ഉറുമ്പുകളുടെ വരി 
------------------------------------------------------ 

വരിയായിനിൽക്കാം വരതീർത്തുനീങ്ങാം 
വരിതെറ്റാനിഴൽ മാത്രമായിഴയാം 
മുൻപിലെയുറുമ്പിന്റെ പൊക്കിൾക്കൊടിയുടെ 
തുമ്പിൽപ്പിടിച്ചു നടക്കാമിനി,  
തെറ്റാതെ നിരയായി 
വരയായി മാത്രംനടക്കാം!

പിമ്പേയിഴയുമുറുമ്പിന്റെ നിഴൽ തേടും 
പദചലനങ്ങൾതൻ നേരിയമർമ്മരം 
കേട്ടുനടക്കാം, ഓർത്തോർത്തിഴയാം 
ഒരുവരി മാത്രമായ് മാറാം.  

പിൻപേനടന്നും, പ്രതീക്ഷതൻ 
വർണങ്ങൾ നിർവചിച്ചും 
നിഴൽപ്പാടകലങ്ങൾ  തീർത്തും 
യഹോവയെ പാഴ്വാക്കുതിർത്തും
ശപിച്ചും 
പുത്തൻനിയമം രചിച്ചും 
നിരങ്ങട്ടെ, മുൻപോട്ടു ഞാനും!

സ്വർലോകമുണ്ടത്രെ ദൂരെയേതോ 
മഴവില്ലിന്റെ തുഞ്ചത്തു...
നേരെങ്കിലോ? 
നേർത്ത സംശയം 
തീർക്കുവാനാരുമില്ലെങ്കിലും 
ഞാനുംനടക്കുന്നു പിൻപേ!

എന്റെയീയാത്ര,  
നിരാസംതുളുമ്പും പലായനമോ? 
കണ്ടു ശപിക്കട്ടെ സർവചരാചര ജാലങ്ങളും 
മുപ്പത്തിമുക്കോടിദൈവങ്ങളും.

ഒരുമാത്രയെങ്കിലും നിൽക്കാതെ,  
തളരാതെ 
മുൻപോട്ടുനീങ്ങട്ടെ 
പാതിമറച്ച മുഖവുമായ് ഞാൻ!

പിൻവിളിക്കാരുമില്ലാ,  തിരിഞ്ഞൊന്നു 
നോക്കുവാനാശയില്ല 
വരിതെറ്റാ നിഴലായിഴഞ്ഞിടുമ്പോൾ 
ജീവനഗാഥയുരുവിടുമ്പോൾ 
ചിന്ത, വെറുമൊരു പാഴ്വസ്തു 
ആരും തൊടാത്ത ജടിലവസ്തു
പടം പോലഴിഞ്ഞൂ,  
ഞാൻ സ്വതന്ത്രനെന്നോ...

കാണാതുരുക്കഴിച്ചോതുന്ന മന്ത്രം 
അതിജീവനത്തിന്റെയത്രേ!
നേരെന്നറിയില്ല, നേരവുമില്ലിനി 
വരിതെറ്റാതലയണമത്രേ, ക്ഷമയുടെ 
വരയായി മാറണമത്രേ! 
ജീർണിച്ചമന്ത്രം തിരസ്കരിച്ചും 
പുതുജീവന്റെ 
ആദ്യനാദത്തിനായ് കാതോർത്തു-
മക്ഷരമന്ത്രം തിരഞ്ഞും 
മുൻപോട്ടു നീങ്ങുമ്പോഴും 
വര മായും നിമിഷത്തിനായി 
വരിയില്ലാ മുഹൂർത്തത്തിനായി 
കാത്തിരിക്കുന്നു 
ഉറുമ്പിന്റെ ജന്മമായ് ഞാൻ
ചെറു തരിമ്പിൻ പ്രതീക്ഷയോടെ!

കാലിലപ്പൊഴും ചിലമ്പുന്നു 
പൊക്കിൾക്കൊടി തീർത്ത 
ബന്ധനത്തിൻ 
അഴിയാക്കുരുക്കുകൾ!

ഒരു ഉറക്കുപ്പാട്ട്

ഒരു ഉറക്കുപ്പാട്ട് 
---------------------
അത്തം പിറന്നല്ലോ ഓണമടുത്തല്ലോ  
പൂനുള്ളാൻ പോണില്ലേ   കൊച്ചുതുമ്പി  
പൂക്കളം തീർക്കേണം പൂക്കളിറുക്കേണം  
വേലിയിറമ്പിൽ പൂകൈതയുണ്ടേ  
കൂട്ടരെല്ലാവരും പൂ നുള്ളാൻ പോയല്ലോ 
വീട്ടിലെന്നമ്മയോ വന്നീല്ലല്ലോ...

പയ്യാരംചൊല്ലണ പയ്യേ കരയൊല്ലേ 
കയ്യിലുറങ്ങുമെൻ കുഞ്ഞുണരും 
പക്കത്തെ കോലോത്തെ തെക്കിനിക്കോലായിൽ 
അമ്മയ്‌ക്കെടുപ്പത് വേലയുണ്ടേ.
നേരം വെളുപ്പിനെ പോയതല്ലേയമ്മ
വയ്യിട്ടു പോരുമ്പം കഞ്ഞിയുണ്ടേ... 


കോലോത്തെത്തമ്പ്രാന്റെ ആറ്റുനോറ്റുണ്ടായോ-
രുണ്ണിക്കിടാവിനു കാതുകുത്ത് 
പൊന്നോണനാളിലെ സദ്യയ്ക്ക് മുന്പത്രെ 
മാലോകരൊക്കെയും കൂടണൊണ്ടേ.
ഞാനുമെന്റച്ഛനും കാണുവാൻ പോണൊണ്ടേ 
അമ്മയ്ക്കെടുപ്പതു വേല കാണും.
കുഞ്ഞിനേം കൊണ്ടോവും, അമ്മയെത്താറായി 
രാരീരം രാരീരം മോനുറങ്ങൂ...

ഉത്രാടനാളിലേ അച്ഛനിങ്ങേത്തൂലോ  
വേലയെങ്ങാണ്ടൊരു നാട്ടിലല്ലേ 
അച്ഛൻ വരുന്നേരം കുട്ടനുടുക്കുവാൻ 
പട്ടുകുപ്പായവും കൊണ്ടുവരും 
അമ്മയ്ക്കും ചേച്ചിക്കും കോടിമണക്കണ 
ചോന്നു തുടുക്കും റവുക്കയാണെ...

അന്തിമയങ്ങണ് അമ്മയെ കണ്ടില്ലാ 
ഇന്നെന്തേ വൈകണ് വീടണയാൻ!
പൂക്കൾ പറിച്ചോണ്ട് കൂട്ടുകാർ പോയല്ലോ 
അത്തപ്പൂവില്ലേലും സാരമില്ല 
പയ്യിന്നിതേ വരെ കാടി കാട്ടീട്ടില്ല
കുഞ്ഞിക്കിടാവുംക്കരയുന്നല്ലോ...
അമ്മയെക്കണ്ടില്ലാ ഇങ്കുക്കുറുക്കീല്ലാ 
കുഞ്ഞയ്യോ തേങ്ങിക്കരയുന്നമ്മേ...

മാനത്തു തിങ്കളുദിച്ചല്ലോ മാമന്റെ 
പൂച്ചിരി കണ്ടില്ലേ കുഞ്ഞുവാവേ  
അമ്മയെത്താറായി, പാപ്പം കഴിക്കാലോ
പൊന്നുണ്ണിക്കുട്ടനുറങ്ങി കൊൾക 
രാരീരം രാരീരം അമ്മയെത്താറായി 
കുഞ്ഞുറങ്ങോമനെ രാരീരാരോ... 

ചിറക്

ചിറക് 
------------
എന്റെ സ്വപ്നത്തിന് 
പ്രായം ഇരുപത്തിയൊന്ന് 
(ശരീരത്തിന് അതിലും കൂടും)
സ്വപ്‌നങ്ങൾ എന്റെയുറക്കം 
കെടുത്തിത്തുടങ്ങിയിരിക്കുന്നു 
ഇരുട്ടിന്‍റെ മേലാകെ 
ഞാൻ നിറമുള്ള 
ചിത്രങ്ങൾ കോറിക്കൊണ്ടേയിരുന്നു
എന്തോ  
ഇരുട്ടിനെന്നെ ഇഷ്ടമായി.

എന്റെ ചിന്തകൾക്കിപ്പോൾ 
പറക്കാനാണ്‌  മോഹം, 
സ്വപ്നത്തിലും ഞാൻ കണ്ടത് 
രണ്ട് ചിറകുകളായിരുന്നല്ലോ,  പക്ഷെ  
ഇനിയും ചിറകു മുളയ്ക്കില്ലെന്നവർ 
അടക്കിയ ചിരിയോടെ പറഞ്ഞു 
കൺസൾട്ടിങ് ഫീ വാങ്ങിയ ശേഷം 
മരുന്നിന് കുറിപ്പടിയും തന്നു, 
‘രാത്രി, ഭക്ഷണത്തിനു ശേഷം, 
സ്വപ്നം കാണുന്നതിന് മുമ്പേ,  ഓരോന്ന്’.

മരുന്ന് ഫലിച്ചു
എനിക്കിപ്പോൾ 
പത്തുനിലയുള്ള കെട്ടിടത്തിന് 
മുകളിൽ നിന്നു വരെ 
താഴേക്ക് പറക്കാൻ കഴിയും 
ഭൂമിയുടെ ആത്മാവിലേക്ക്!


സൂര്യൻ


സൂര്യൻ 
--------------
ഭൂമിക്കു മഹാമാരിയത്രെ! 
അവളുടെ
നെറ്റിയിൽ തീക്കനലെന്നും  
നിശ്വാസത്തിനു 
മരണത്തിന്റെ ഉന്മദഗന്ധമെന്നും
ആരോ പറഞ്ഞു.
അവളുടെ മാറിടത്തിൽ 
മുത്ത്‌ പതിപ്പിച്ച കപാലമാലയെന്നും, 
ആലിലവയറ്റിലെ 
തടാകച്ചുഴിയിൽ  
വ്യാഘ്രങ്ങളെന്നും 
അരക്കെട്ടിൽ 
നക്ഷത്രങ്ങൾ കൊണ്ടലുക്കിട്ട
അരഞ്ഞാണമെന്നും
കല്പനാ ചിത്രങ്ങളെഴുതി.
അവളുടെ ആർത്തവ രക്തത്തിൽ നിന്നുതിർന്നു 
വീണ വിത്തുകൾ 
മഹാമാരിയുടേതെന്നും പലരും പറഞ്ഞു
കഥകൾ പലതായ് മെനഞ്ഞു
അവതാരങ്ങളെന്നറിഞ്ഞൂ 

അതു കേട്ട് 
കാറ്റ് കരഞ്ഞു 
കടൽ ചിരിച്ചു 
ആകാശം മൗനനീലിമയോടെ  
പുഞ്ചിരിച്ചു. 
ഒരിറ്റു പാലിനായ് കരയുന്ന 
കുഞ്ഞിനെപ്പോലെ 
ഭൂമിയെ വലംവച്ചു കൊണ്ട് ചന്ദ്രൻ 
അപ്പോഴും,  തൊഴുതു,  പ്രാർത്ഥിച്ചു.
സൂര്യൻ മാത്രം നിസ്സംഗനായി 
വെറുതെനിന്നു ജ്വലിച്ചൂ.

ഇവിടെ,  
ഈ കുടിലിൽ  
എന്റെ കാമിനി ചോദിച്ചു 
ഈ മാരിയിൽ ഞാൻ കുതിർന്നാൽ, 
എന്റെ കുളിരിൽ 
എന്റെ നെഞ്ചിനു ചൂട് പകരാൻ 
നിങ്ങളും പോരൂമോ എന്റെ കൂടെ? 

ഇത് കേട്ടു ഞാൻ ഒരു സൂര്യനായി 
പക്ഷെ 
ജ്വലിക്കാൻ മറന്നുപോയി
പിന്നെ 
അവളോടൊപ്പം ചേർന്നു നിന്നു!




 
 

മോണോലോഗ്

മോണോലോഗുകൾ 
-------------------------- 

1. ചോദ്യം 

കഥയാണ് കേട്ടോ...
അതുകൊണ്ട് 
ചോദ്യങ്ങൾ അരുത്!
ഇനിയുണ്ടേൽ തന്നെ ഇങ്ങോട്ട് വേണ്ട 
അത്രയും നീയൊന്നും വളർന്നിട്ടില്ല 
അല്ല,  ഇനി വളർന്നിട്ടുണ്ടേൽ തന്നെ 
എന്റെടുത്താ വിളച്ചിലു കാട്ടുന്നെ 
പോടാ പോടാ പോയ്‌ തരത്തിൽ 
പോയി കളിക്ക് 
രാവിലെ പോന്നോളും, ഓരോന്ന് 
കുറ്റിയും പറിച്ചോണ്ട്,  അല്ലപിന്നെ 
ആഹാ...!

ഞാൻ എവിടാ നിർത്തിയേ...? 
കേൾവിക്കാർ ഉച്ചത്തി‍‍ൽ കോറസ് 
‘അല്ല പിന്നെ , ആഹാ...’

2. കാഴ്ചപ്പാട്

അങ്ങിനെ 
സൂര്യനിന്നും 
കിഴക്കുദിച്ചു 
പതിവുപോലെ... 
      അതെന്തിനാ മേഷ്ട്രേ, പതിവുപോലെ 
      എന്നതിന് ഒരു ബലം? 
      എന്നും നടക്കണ വസ്തുതാപരവും 
      ആത്യന്തിക സത്യവുമായ 
      ഒരു പ്രവർത്തന മെഷീനറിയെന്നു 
      വരുത്തി തീർക്കാനല്ലേ ഇത്തരം 
      മുതലാളിത്ത നിർവചനങ്ങളെ 
      ഒരു സാധാരണ തലത്തിലേക്ക് 
      നിങ്ങൾ 
      കൊണ്ടു വരുന്നത്? 
     
     ഇത്തരം കാഴ്ചപ്പാടുകളെ 
     ചോദ്യം  ചെയ്യുകയല്ലേ ഇത്രയും 
      വിദ്യാഭ്യാസവും വിവരവും 
       അനുഭവ സമ്പത്തും ഉള്ള 
       ഒരാൾ ചെയ്യേണ്ടത്, 
       അതും മേഷ്ട്രേ പോലെയുള്ള ഒരു 
       അദ്ധ്യാപകൻ!
      ഇതാ വിദ്യാഭ്യാസ നിലവാരം...? 


3. മരുന്ന്
        
     മരുന്നിനൊക്കെ 
     എന്താ ഒരു വെല... !
     ഇങ്ങന്യാച്ചാ 
     എങ്ങിന്യാ മേഷ്ട്രേ 
     നമ്മളൊക്കെയിനി ജീവിക്ക്യാ...
     ങ്ഹേ...? 
ഇതാടോ, ഇനി മുമ്പോട്ടുള്ള ജീവിതം 
ഇങ്ങിനെയൊക്കെയാ, 
കണ്ടില്ലേ ഇപ്പോ 
ഈ മഹാമാരിയും പ്രളയവും 
കേട്ടുകേൾവിയില്ലാത്തതല്ലേ...! 
കലികാലം!
ഒന്നോർത്താ ഇങ്ങന്യാ തുടങ്ങാത്രെ 
ലോകാവസാനം...

പിന്നെ, 
വേറെ വിധത്തിലും ചിന്തിക്കാട്ടോ...
മരുന്ന് ഒരു പ്രതീകമാണ് 
ജീവിതം മുൻപോട്ട് നീക്കാനുള്ള 
ഊർജം 
ഭൂതകാലത്തിന്റെ 
നീക്കിയിരുപ്പും അതിലുണ്ടെന്നേയ്...
നമ്മൾ രീതിശാസ്ത്രങ്ങളുടെ 
രക്തസാക്ഷികളല്ലേ 
അപ്പോൾ നമ്മക്ക് ചാർത്തിക്കിട്ടുന്ന 
അഭിനന്ദനപുഷ്പങ്ങളല്ലേ 
മരുന്ന്!
നമ്മളെല്ലാം 
ഉന്തിത്തള്ളുകതന്നെ വേണം 
മുൻപോട്ട്...

4. ശ്രദ്ധിക്കുക 

ശ്രദ്ധിക്കുക, 
ആത്മഹത്യ 
ഒന്നിനും 
ഒരു പരിഹാരമല്ല 

അത് 
പരിഹാരമില്ലാത്ത 
ഒരു തുടക്കം മാത്രം, 
പ്രശ്നങ്ങളുടെ
ശൂന്യതയുടെ 
പ്രഹേളികകളുടെ
അരക്ഷിതത്വത്തിന്റെ
ചോദ്യങ്ങളുടെ
ഭീഷണികളുടെ
എല്ലാറ്റിനും ഒരു തുടക്കം മാത്രം, 

ഉറക്കമില്ലാത്ത 
രാത്രികൾ ഇനി 
അവർക്ക്... !

ടെലിഫോൺ സംഭാഷണം


ഹലോ, നീയാണോ...
      പറയൂ,  ഞാനാണ് 
അവിടെയെന്താ വിശേഷം? 
     ഓ,  കോറോണയല്ലേ,  പണിപാളി 
     എന്റെ പണി പോയി, 
      ഇനി വേറെയെന്തെങ്കിലും... 
      അവിടെയോ? 
ഇവിടെ ഞാൻ അകത്താ...
വീട്ടിനകത്തൊരു കൂട്ടിൽ 
ഈരേഴു പതിനാലു നാൾ 
കൊണ്ടു തീർക്കണം ബന്ധനം, 
എനിക്കു പണികിട്ടീ!
നീയെങ്ങിനെ...? 
         കുഴപ്പമില്ല,  വേറെന്താ നാട്ടിലെ                     വിശേഷം, 
         മഴയുണ്ടോ, കാവിലെ 
         തിരുവാതിര വേല തുടങ്ങിയോ? 
          അത്തം തെളിഞ്ഞെന്നാരോ     പറഞ്ഞല്ലോ 
          അന്നേരം തിരുവാതിര കുതിരും അല്ലേ? 
ഞാനിപ്പോൾ പുകഞ്ഞ മഴയിൽ 
കുതിർന്ന കിളിയെപ്പോലെ 
എന്റെ കിളി പോയപോലെ 
നെഞ്ചിലെ ഞാറ്റിലക്കിളി 
കൂട്ടില്ലാക്കിളി 
തേങ്ങുന്നുണ്ട് 
എന്തുചെയ്യാൻ 
കതകടഞ്ഞ കൂട്ടിലിനി എത്ര നാളോ...
            വേലകളി തീരും മുൻപേ 
            ഞാനെത്തും 
ജീവനൊടുണ്ടെങ്കിൽ കാണാമെടോ 
           നീയില്ലെങ്കിലും നമ്മുടെ 
           ആതിര ഞാറ്റുവേലയുണ്ടാകുമല്ലോ 
           എന്റെ മണ്ണും മനസ്സും അവിടെയല്ലോ 
 വച്ചോളൂ, എനിക്ക് തിരക്കുണ്ട് 
              ആകട്ടെ, നിന്റെ ഞാറ്റിലാക്കിളിയോട് 
              എന്റെ സ്നേഹം പറയണേ 
               ഇനിയും വിളിക്കണേ,  നാളെ...
    
          

പുനരുജ്ജീവനം


പുനരുജ്ജീവനം
പാലായനം, ഇനി നോവുന്ന ചൂളയിൽ
നീറ്റിയൊടുക്കാം ഗൃഹാതുരത്വം
ജീവനമന്ത്രം ജപിച്ചും മുടിക്കെട്ടിൽ 
സമ്പാദ്യമെല്ലാമൊതുക്കി വച്ചും 
തോളത്തു തൂക്കിയ സഞ്ചിയുംഭാരിച്ച 
ജീവിതം നേദിച്ച മാറാപ്പുമായ് 
തീരാത്ത നൊമ്പരം ബാക്കിയാക്കി മൽപ്ര-
യാണം തുടങ്ങി, മടക്കയാത്ര!

ഗ്രാമപഥങ്ങളും നാടും നഗരിയും 
കാട്ടു പൂഞ്ചോലയും ഗർത്തങ്ങളും 
താണ്ടിയെൻ പാതി മറഞ്ഞ മുഖവുമായ്  
പാത്തും പതുങ്ങിയും യാത്രയായീ!
ആരാരുമില്ലാതെ ശൂന്യമാം കൽപ്പാത
താണ്ടണം കാതങ്ങളേറെയിനി.

പാദങ്ങളോ വിണ്ടുകീറിത്തുടങ്ങിയെൻ 
ഭാമിനി പിന്നിൽ നിഴലു പോലെ
മോഹിച്ചുപേരു വിളിക്കയാണോ കാത്തു  
നിൽക്കേണ്ടതെല്ലും തളർച്ചയില്ലേ

തീണ്ടുവാൻ പാടില്ലയാരെയുംമുൻപോട്ടു 
മാത്രമേ കാതരേ വീഥിയുള്ളു 
ആരെയും നോക്കാതെ കാത്തിരിക്കാതെ -
ടക്കാം പ്രതീക്ഷതൻ നാമ്പ് തേടി.
കാതരമാം മിഴിക്കോണിൽ തുളുമ്പിയൊ 
നീർക്കണംനിൻ കുനുചില്ലിയിലും 
വേപഥു പൂണ്ടുവോ പൂംതനുവാകെ വി-
റച്ചുവോനെറ്റിയിൽ കണ്ടുവെന്നോ 
തീരാ ചുളിവുകൾവേവും വയറ്റിലേ-
യാന്തലാൽ ഭൂമി പിളർന്നുവെങ്കിൽ!

എൻവിളിക്കായ് വൃഥാ മോഹിക്കയോമാത്ര –
യെങ്കിലും വിശ്രമിക്കേണ്ടതല്ലേ!
കൈകൊണ്ടിരുമുടി കെട്ടു താങ്ങിതലയ്-
ക്കായം കൊടുത്തുംവിവശമായും
തോളിലെ മാറാപ്പിൻ ഭാരമൊരുക്കിയും 
പോകാം തൊഴിലിടം ശൂന്യമായി
ആധിയും വ്യാധിയും തീരാത്ത ദുഃഖത്തി-
ലാഴ്ത്തും കൊറോണയും വന്നണഞ്ഞെൻ
ശാലയും താഴിട്ടുപൂട്ടിയെന്നാലയം 
ഊഷര ഭൂമിയായ് മാറിയല്ലോ!

പാടിപുകഴ്ത്താൻ പദങ്ങളില്ലായിനി 
പിൻവിളിയാർക്കുവാൻ നാഥനില്ലാ. 
ഒത്തുപിടിച്ചാർത്തു നൃത്തമാടാൻ കളി-
ക്കൂട്ടരില്ലവേദി ആളൊഴിഞ്ഞു.

മാരിപേമാരിമഹാമാരി ഭൂമിയെ 
കൊത്തിവിഴുങ്ങുന്ന ഭൂതമായി 
പാതി മുഖം മറച്ചല്ലോ നടക്കേണ്ടൂ 
പാഴ്മുഖം പോലെയെൻ സ്വപ്നങ്ങളും.
വീട്ടിലെത്തേണമെൻ ഭാരങ്ങളെല്ലാമി-
റക്കേണമമ്മേ നിൻ മാറിടത്തിൽ 
ചാഞ്ഞുറങ്ങേണമെന്നച്ഛന്റെ നെഞ്ചിലെ 
തീരാ മിടിപ്പൊന്നു കേട്ടിടേണം!
ഞങ്ങൾ വരുന്നിതാ രാവിന്റെ മക്കളായ് 
ഞങ്ങൾ വരുന്നെന്റെ മണ്ണിലേക്ക്!

നാടുകൾ ശോകവിമൂകം ശ്മശാനമാം
വീഥികൾ താണ്ടി നഗരങ്ങളിൽ
രാവുറങ്ങാതെ നടക്കയാണത്താണി-
യില്ലാതെ ജ്യേഷ്ഠസഹോദരൻ ഞാൻ!  

യാത്ര, യനന്തമാം യാത്രയിൽ, തോളിലെ
ഭാണ്ഡത്തിലിത്തിരി റൊട്ടി മാത്രം!
ഭാമിനിയുണ്ട് പിറകിൽ തിരിഞ്ഞൊന്നു
നോക്കില്ലവളൊന്നു വീണു പോയാൽ
തൊട്ടു വിളിക്കില്ല, വീണാലവളുടെ
മേനി തലോടുവാൻ പാടില്ല പോൽ!

തീണ്ടുവാൻ പാടില്ലയത്രേയശുദ്ധി പ-
ടരുമീ ലോകം തകരുമത്രേ!
ചുണ്ടോടടുക്കില്ലയെൻ മുഖംപാതിയും
ആഛാദനം ചെയ്തതല്ലേ സഖീ!  

യാത്രയല്ലോയിനി ശൂന്യതയിൽ നിന്നും
ജീവിതം കെട്ടിപ്പടുക്കവേണം
കാതങ്ങളായിരമേറെയുണ്ടേയതി-
ജീവന മന്ത്രം രചിക്കവേണം
നൂപുര മന്ത്രം ജപിക്കേണമൊറ്റക്കു
വാസന്ത കാലം വരും വരേയ്ക്കും!
  

ചൂണ്ട


ചൂണ്ടക്കാരാ, ചങ്ങാതി 
നിന്‍റെ ചൂണ്ടയിലിന്നു 
കൊത്തിയ മീനേത്? 

നിന്റെ സ്വപ്നങ്ങളെ 
ആകാശഗംഗയുടെ 
അങ്ങേക്കരയിലേക്കു 
തുഴഞ്ഞു കൊണ്ടുപോകുന്ന 
പരൽമീൻകണ്ണുള്ള 
കടത്തുകാരിയോ, 

കരിമീൻപോലെ 
പെടയ്ക്കണ നിന്റെ ചങ്കിൽ 
നീ കുറിച്ചുവച്ച പ്രണയഗീതങ്ങൾ 
മാത്രം പാടുന്ന യക്ഷഗായികയോ, 

അതോ 
കൊള്ളിമീൻ പായണപോലെ 
ചാട്ടുളിയെറിഞ്ഞു 
തീരാപരിദേവനങ്ങളാൽ 
നിന്റെയിടനെഞ്ചു തകർക്കണ 
അറബിക്കഥയിലെ മൊഞ്ചത്തിയോ...? 

പറയൂ ചൂണ്ടക്കാരാ 
ഇന്നേതു മത്സ്യകന്യകയാണ് 
നിന്റെ കിനാവിലെ ചൂണ്ടയിൽ 
കൊത്തിയത്? 

കളിക്കൂട്ടുകാരാ 
ഇന്നെന്റെ ചൂണ്ടയെ 
കൊത്തിപ്പുണർന്നത് 
വിരിയാൻ തുടിക്കണ 
നെഞ്ചിലെ മൊട്ടിനു 
കസ്തൂരിവേർപ്പിന്റെ 
മണമുള്ള പെണ്ണ് 
അവളുടെ ചുണ്ടിലെ 
തേൻവണ്ടുകൾ 
എന്റെ ജീവന്റെ 
ചൂണ്ടച്ചരടിൻത്തുമ്പിൽ 
വിരിഞ്ഞുവന്ന പ്രണയപുഷ്പത്തെ  
കവർന്നെടുത്തു,  കള്ളിയവളതു 
സ്വന്തമാക്കി.
ഇനി ഞാൻ 
അവൾക്കുവേണ്ടിമാത്രം 
ചൂണ്ടയിട്ടുകൊണ്ടേയിരിക്കും

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...