Sunday, August 2, 2020

വരയുടെ ജാതകം


ഒരു ബിന്ദുവിൽ നിന്നും
മറ്റൊരു ബിന്ദുവിലേക്കുള്ള
ഏറ്റവും കുറഞ്ഞ ദൂരമത്രേ
നേർവര
നേരുള്ളവര
നേരിന്റെ ഒരു വര!

ആ ബിന്ദുവിൽ നിന്നുമാണ് ഞാൻ
തുടങ്ങിയത്
മറ്റേ ബിന്ദുവിലെത്താനുള്ള വഴി
ഒരുപ്രഹേളിക പോലെ
കാണാമറയത്തായിരുന്നു.

പലേവരികളും വരച്ചും
മായ്ച്ചും
വരികൾക്കിടയിലൂടെ വായിച്ചും
വ്യാഖ്യാനിച്ചും
പല വഴിതേടിയും
വഴിയൊരുപാടായി താണ്ടുന്നു,
പ്രവചനാതീതമായ
ലക്ഷ്യബിന്ദുവിലേക്കുള്ള യാത്ര
അന്തിമ ബിന്ദുവിലേക്കുള്ള യാത്ര.

ചരിഞ്ഞും വളഞ്ഞും പുളഞ്ഞും
വഴുതിമാറിയും
ഒരു വരപോലെയായി,
അതിജീവനശാസ്ത്രത്തിന്
ഉദാഹരണമായി,
വരിയാധാരമായി,
ഒരു ഭിക്ഷയായി എന്റെ യാത്ര.

നേരായ വരയും വഴിയും കാണാതെ
ചില ബിന്ദുക്കളിലൂടെ
കാലവും ഞാനും കൈകോർത്തു
നടന്നുകൊണ്ടേയിരുന്നു
വരയാണ്,  അതുമാത്രമാണ് ലക്ഷ്യം.

ജ്യാമിതിയുടെ അടിസ്ഥാന തത്വം
പലതും പ്രയോഗിച്ചു
ഒന്നും നേരാകുന്നില്ല,  നേരെയാകുന്നുമില്ല,
ഒന്നും വരയാകുന്നില്ല വരുതിയിലാകുന്നുമില്ല
വരബിന്ദുക്കള്‍ മാത്രം തിരഞ്ഞു
എന്റെ വിരൽബിന്ദുക്കൾക്കിടയിൽ
അളവുകോലുകൾ തളർന്നുകിടന്നു
എവിടെയാണെനിക്ക് തെറ്റിയത്?

എല്ലായിടവും
ചിതറിത്തെറിക്കണ
കൽച്ചീളുകൾ,  രക്തത്തുള്ളികൾ
സ്വേതബിന്ദുക്കൾ
പലഭാവ വൈജാത്യ ബിന്ദുക്കൾ
ഓടിത്തളർന്ന മനുഷ്യജന്തുക്കൾ
മാറാതെനിക്കണ നിർജ്ജീവബിന്ദുക്കൾ
വഴിയരികിൽ
നോക്കിനിൽപ്പുണ്ടായിരുന്നു.

പലരും പലതും പറഞ്ഞു
വരച്ചുപഠിച്ചുകൊണ്ടേയിരിക്കാൻ
കൈവെള്ളയിൽ ചിലർ
ഒറ്റമൂലി കുറിച്ചുതന്നു
വേറെ ചിലർ വരച്ചുകാണിച്ചു
മറ്റുചിലർ ചിരിച്ചും കാണിച്ചു.

വരക്കോല് വച്ചു ഞാൻ
അളന്നുകൊണ്ടേയിരുന്നു
ഒടുക്കമെത്തേണ്ട ബിന്ദുവിലേക്ക്
വരച്ചും കൊണ്ടേയിരുന്നു.

ചുറ്റും എന്നെത്തുറിച്ചു നോക്കണ
ചുഴന്നും ചികഞ്ഞും നോക്കണ
ബിന്ദുക്കൾ
ആയിരമായിരം നിശ്ചല ബിന്ദുക്കൾ
അനന്തബിന്ദുക്കളുടെ കേദാരം.

ഒടുവിൽ ഞാൻ കണ്ടുപടിച്ചു
ബിന്ദുക്കളെ ഒഴിവാക്കണ
ഒടിവിദ്യ!
അതിനുശേഷം ഞാൻ ചാടിത്തുടങ്ങി
ഒരു ബിന്ദുവിൽ നിന്നും
ഒടുക്കത്തെ  ബിന്ദുവിലേക്കു
നിർത്താതെ, നിൽക്കാതെ.

അങ്ങിനെ ഞാനെന്റെ
തലവര മാറ്റി.
കാലമോ..  ആവോ,  അറിയില്ല
പറയാൻ ഞാനൊരു കണിയാനല്ലല്ലോ...!

പുഴ.com 3rd August 2020

No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...