ചിന്തയിൽ നിന്നും സ്വപ്നത്തിലേക്കുള്ള
ദൂരം എത്രയെന്നോ...
ചിന്ത ഒരു ലഹരിയായ്
അസ്ഥികളിലും മജ്ജയിലും
അഗ്നി കോരിയിടുമ്പോൾ
ആ അഗ്‌നിയിലൊരു കണം
ചെരാതിലാക്കി
സ്വപ്നത്തിലേക്ക്
നടന്നുകൊണ്ടേയിരിക്കുന്നു
പാന്ഥൻ, ഞാൻ.
അകലെ, ആകാശഗംഗയുടെ
കരയിൽ
വള്ളിക്കുടിലിൽ
സപ്തവർണങ്ങളും ചാലിച്ചൊരു
കോപ്പയിലാക്കി
കാത്തിരിക്കുന്നു, അമ്മനിലാവ്!
ഉമ്മറക്കോലായിൽ തന്റെ
പൈതൃകം പാരായണം
ചെയ്തിരിക്കുന്നൂ
പൊന്നച്ഛൻ, പരബ്രഹ്മമായ്!
വഴിവക്കിൽ ചിതറിക്കിടക്കുന്ന
അക്ഷരപ്പൊട്ടുകളെ
പെറുക്കിയിപ്പൊഴും
വീട്ടിലേക്കുള്ള ഊടുവഴിയിലേക്ക്
തിരിയുമ്പോളറിയുന്നൂ
സ്വപ്നത്തിലേക്കുള്ള ദൂരം
എന്റെ ജീവിതദൈർഘ്യമത്രേ!
No comments:
Post a Comment