Wednesday, August 5, 2020

അച്ഛനുണരാതെ

അച്ഛനുണരാതെ
---------------- കവിത

അച്ഛനുണരാതിരിക്കുവാൻ
കാവലായ് കാത്തിരിക്കുന്നു ഞാൻ
നാളേറെയായ്
അച്ഛനുറക്കത്തിൽ ഞെട്ടണ
ശീലമുണ്ടച്ഛനുറങ്ങട്ടെ
താരാട്ടുപാട്ടിൻ
സ്വരങ്ങൾ ഞാൻ കോർക്കാം
ഇനിയുറങ്ങൂ, 
ഉണരാതിരിക്കാനിനിയുറങ്ങൂ...

അച്ഛന്റെ നൊമ്പരക്കാഴ്ചയെന്നോർമയിൽ
വിഹ്വലമാർന്ന മുറിപ്പാടുകൾ
ഇട്ടേച്ചുപോയതേ ജീവനും, കാലുറക്കാത്ത
പാഴ്സ്വപ്നങ്ങളും ചിലർ കൂട്ടിപ്പറഞ്ഞ
കണക്കുകളും
കൊട്ടിയടച്ച വെളിച്ചവും
വാതിലും പിന്നിൽപ്പടർന്ന നിഴലുകളും.

ജന്മങ്ങളായ് കിടപ്പല്ലോ തറയിൽ വിരിച്ചിട്ട
പായയിൽ, കൂട്ടിനായ്
അമ്മതൻ തോരാത്ത വ്യാധിയും
അച്ഛന്റെ തീരാക്കഥയിലെ നായകരും
കൂടിക്കുഴഞ്ഞു മറിഞ്ഞിടതൂർന്നുള്ള
യാമങ്ങളെത്രയോ വന്നുപോയി
അച്ഛനുറങ്ങട്ടെയിത്തിരിയെങ്കിലും
കാവലിനായ് ഞാനുണർന്നിരിക്കാം...

മങ്ങിയവെട്ടം തിരയടിക്കും കുടിലൊന്നിൽ
ഇരുട്ടിൻ പുതപ്പ് മാത്രം
ഭൂതകാലത്തിനു കാവലായ് വീട്ടിലെ
ഭൂതഗണങ്ങൾക്കു നോക്കുകുത്തി
കണ്ണേറുതട്ടാതിരിക്കുവാൻ മാത്രമായ്
ഞാനിരിപ്പുണ്ടല്ലോ,  പാപജന്മം.
അച്ഛനുറങ്ങട്ടെ,  കണ്‍മിഴിപൂട്ടില്ല
അച്ഛനു വേണ്ടി ജനിച്ചുപോയീ...

ഓർത്തെടുക്കാം
തിരശ്ശീലകൾ നീങ്ങുന്നു
പൂവിൽക്കുതിർന്ന മൺത്തിട്ടകൾ
വേലിപ്പടർപ്പിലെ ചില്ലകൾ
പച്ചിലച്ചാർത്തുകൾ
പുഞ്ചിരിമാത്രം നിറഞ്ഞ ഘോഷങ്ങളായ് 
പാതയോരത്തെ തിരക്കുമാൾക്കൂട്ടം
വകഞ്ഞുമാറ്റി എന്റെ കൈകോർത്തു
മാത്രം നടക്കയാണച്ഛൻ, വെളിച്ചമായീ.

അന്നു കേട്ടെത്രയോ ഗാഥകൾ,
സ്വപ്‌നങ്ങളായിരം
ചിത്രം വരച്ച സ്നേഹാർദ്രമാം
തൂലികത്തുമ്പിൽ തുളുമ്പും സ്വരങ്ങളിൽ
വിങ്ങുമുൽക്കണ്ഠയാൽ അത്താണിയേതോ
തിരയുമോരേകാന്ത സ്വപ്നസഞ്ചാരിയച്ഛൻ!
 
നേരിയ ചൂടോടെ വാങ്ങും പൊതിയിലെ
കപ്പലണ്ടി,  കടലാസ്സും കളഞ്ഞു ഞാൻ
പൊട്ടിപ്പോളിച്ചെടുത്താസ്വദിച്ചീടവേ
അച്ഛന്റെ കണ്ണിലെ വാത്സല്യമോ
മധുവേറെകിനിഞ്ഞതെൻ നാവിലോ
നെഞ്ചിലോ? ഏതെന്നറിയില്ല
ചുണ്ടിൽ വിരിഞ്ഞു തൂമന്ദഹാസം.

സായാഹ്നവേളയിൽ
കൈ ചേർത്തു കൂടെനടത്തും
സ്വകാര്യമായ് ചോദിക്കും
ആരെയാണിഷ്ടമേറെ?
“അച്ഛനെ മാത്രമാണേറെയിഷ്ടം”, കേട്ടു 
കെട്ടിപ്പിടിച്ചൊരു പുഞ്ചിരിമുത്തം
പതിച്ചു നൽകും, മൃദുവാക്കിലാ
പഞ്ചാരയുമ്മയേകും...

അച്ഛനുറങ്ങിനി നേരം വെളുക്കട്ടെ
ചാടിപ്പിടഞ്ഞെഴുന്നേൽക്കവേണ്ടാ
കാവലായ്‌ കൂടെ ഞാനുണ്ടല്ലോ അച്ഛന്റെ
മുണ്ടിന്റെ കോന്തലത്തുമ്പിൽപ്പിടിച്ചു ഞാൻ
കാത്തിരിക്കാമിനി
അച്ഛനുണരാതിരിക്കുവാനായ്‍!

ഇന്നലെയെല്ലാം കഴിഞ്ഞ പോലെ, 
കടബാധ്യതയിപ്പോഴും ബാക്കിയല്ലോ
തർപ്പണം ചെയ്യാതെ, ആത്മാവിനായൊരു
വറ്റു കാട്ടാതെ പിടയുന്നു മാനസം.
വാതിൽപ്പടിക്കൽ വിളിക്കുന്നതാരെയോ 
ദൂരെയാ ചില്ലയിൽ കണ്ണാറൻക്കാക്കകൾ
കൂട്ടിരിക്കുന്നൂ വ്യഥകളുമായവർ...
അച്ഛനിനിയും ഉറങ്ങിയില്ലേ?

അമ്മയോ ബോധതലത്തിൽ വിരിഞ്ഞ
പൂച്ചെത്തികൾ ചൂടി ഹസിക്കുന്നു, 
പൂത്തുലഞ്ഞപ്പോൾ,  അബോധ മനസ്സൊന്നുണർന്നു
തേടുന്നതോ പൂക്കാത്ത
പൂവിന്റെ സൗരഭം, രാവിന്റെ നെഞ്ചിലെ
ചില്ലകൾ, കാണാക്കതിരുകൾ.
വാതിൽപ്പടിയിലാണപ്പൊഴും കണ്ണുകൾ
പൊട്ടിചിരിച്ചുകൊണ്ടേ ചില്ലുപാത്രമായ് 
താഴേക്കു താഴേക്കൊഴുകണം പോൽ!

അച്ഛൻ!
ഉണരാതുറങ്ങട്ടെ, 
അമ്മയോ,  നീർച്ചോലയാകട്ടെ
കൂട്ടിരിക്കാമിനി കാവതിക്കാക്കയായ്
ഏതോ വികല്പ സ്വപ്‌നങ്ങൾ നിറഞ്ഞ
പ്രഹേളികാരൂപമോ
സാന്ത്വനസ്പർശമോ
മന്ദഹാസത്തിൻ നിലാവുകളോ...?
കൂട്ടിരിക്കാമിനി
കണ്ണിമവെട്ടാതെ
അച്ഛനുറങ്ങുവാനായി,
അമ്മയ്ക്കൊഴുകുവാനായീ.





No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...