Friday, August 21, 2020

കാവൽ

 

അച്ഛനുണരാതിരിക്കുവാൻ കാവലായ്

കാത്തിരിക്കുന്നു നാളേറെയായി 

താരാട്ടുപാട്ടിൻ സ്വരങ്ങൾ ഞാൻ തീർക്കാം 

കിടന്നുറങ്ങൂയിനി ശാന്തമായി...!


ജന്മങ്ങളായ് കിടപ്പല്ലോത്തറയിൽ 

ചിതറിയ ചില്ലുപോലെന്നച്ഛനും 

കൂട്ടിനായമ്മതൻ തോരാത്ത വ്യാധിയും 

കൂട്ടിയാൽ കൂടാത്ത സ്വപ്നങ്ങളും..! 

 

കൂടിക്കുഴഞ്ഞു മറിഞ്ഞിടതൂർന്നുള്ള 

യാമങ്ങളെത്രയോ വാർന്നുപോയി

അച്ഛനുറങ്ങട്ടെയിത്തിരിയെങ്കിലും

കാവലിനായ് ഞാനുണർന്നിരിക്കാം...!


ഭൂതകാലത്തിനു കണ്ണേറുകിട്ടാ-

തിരിക്കുവാൻ വീട്ടിലെ ഭൂതമായി 

ഞാനിരിപ്പുണ്ടേയുറങ്ങാതെ കാവലായ് 

അച്ഛനുറങ്ങട്ടെ ദൈവങ്ങളേ...!


പുഞ്ചിരിമാത്രം നിറഞ്ഞ ഘോഷങ്ങളിൽ   

പാതയോരത്തെ തിരക്കിലൂടെ 

കൈകോർത്തു അന്നേ നടക്കുമെന്നച്ഛൻ

വെളിച്ചമായീ ദിവാസ്വപ്നമായി...!


അന്നുകേട്ടെത്രയോ ഗാഥകൾ തൂലിക-

ത്തുമ്പിൽ തുളുമ്പും നിറങ്ങളാലേ 

അത്താണിയന്നേ തിരയുമോരേകാന്ത 

സ്വപ്നസഞ്ചാരിയാണെന്റെയച്ഛൻ...!


വാത്സല്യമോടെ പൊതിഞ്ഞുനീട്ടും ചുടു- 

കപ്പലണ്ടി കടലാസ്സു മാറ്റി 

പൊട്ടിപ്പൊളിച്ചെടുത്താസ്വദിച്ചീടവേ 

അച്ഛന്റെ കൺകളിൽ വാത്സല്യവും..!


സായാഹ്നവേളയിൽ ചേർത്തുനടത്തും, സ്വ-

കാര്യമായ് ചോദിക്കുമാരെയിഷ്ടം? 

“അച്ഛനെ മാത്രമാണേറെയിഷ്ടം”, കേട്ടു   

കെട്ടിപ്പിടിച്ചൊരു മുത്തമേകും...!


അച്ഛനുറങ്ങിനി നേരം വെളുക്കട്ടെ 

ചാടിപ്പിടഞ്ഞെഴുന്നേൽക്കവേണ്ടാ

കാവലായുണ്ട് ഞാനച്ഛന്റെ മുണ്ടിന്റെ 

തുമ്പിൽപ്പിടിച്ചിനി  കാത്തിരിക്കാം...!


ഇന്നലെയെല്ലാം കഴിഞ്ഞെങ്കിലും കട-

ബാധ്യതയിപ്പൊഴും ബാക്കിയല്ലോ 

തർപ്പണംചെയ്യാതെ, ആത്മാവിനായൊരു 

വറ്റുകാട്ടാതെ പിടഞ്ഞൂ മനം...! 


വാതിൽപ്പടിക്കൽ വിളിക്കുന്നതാരു നീ 

പാതിരാക്കാറ്റോ ബലിക്കാക്കയോ? 

കൂട്ടിരിക്കുന്നൂ വ്യഥകളുമായി ഞാൻ 

അച്ഛനിനിയും ഉറങ്ങിയില്ലേ.? 


അമ്മയബോധതലത്തിൽ വിരിഞ്ഞ പൂ-

ചെത്തികൾച്ചൂടി ഹസിച്ചിടുന്നു  

പൂക്കാത്തപൂവിന്റെ സൗരഭം, രാവിന്റെ 

കാണാക്കതിരുകൾ, നോവറകൾ...!


അച്ഛനുണരാതുറങ്ങട്ടെ ഭൂമിയിൽ

അമ്മയോ, നീർച്ചോലയായിടട്ടെ 

കൂട്ടിരിക്കാമിനി കാവതിക്കാക്കയായ് 

കാത്തിരിക്കാമെന്നുമോർമ്മകളായ്..!


ഏതോ വികല്പസ്വപ്‌നങ്ങൾ  നിറയും

 പ്രഹേളികയോ പഴംചൊല്ലുകളോ  

സാന്ത്വനമേകുന്ന സ്പർശങ്ങളോയിത് 

മന്ദഹാസത്തിൻ നിലാവുകളോ...? 


കാത്തിരിക്കാമിനി കണ്ണിമ ചിമ്മാതെ

അച്ഛനുണരാതിരിക്കുവാനായ് 

പൊട്ടിച്ചിരിക്കണ ചില്ലുപോലെയിനി 

അമ്മയൊഴുകട്ടെ കൂട്ടിനായി.


                 



 




No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...