Wednesday, August 26, 2020

അവധൂതൻ


ഒരു അവധൂതനെ പോലെ അവൻ ഇന്ന്  പ്രഭാതത്തിൽ കടന്നു വന്നു. സൂര്യ കിരണങ്ങളാൽ അവന്റെ ഇരുണ്ട മുഖം വിളറിയിരുന്നു.  വന്നപാടെ അടുത്തുള്ള കസേര ശബ്ദത്തോടെ വലിച്ചിട്ടിരുന്നു.  പിന്നെ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി.

ഒരാലസ്യത്തിൽ നിന്നും ഞാൻ മെല്ലെ ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ.  

എഴുന്നേറ്റു, ഒന്നു മുഖം കഴുകി, ഇലക്ട്രിക് കെറ്റിലിൽ വെള്ളം തിളപ്പിക്കാൻ വച്ചു. രണ്ടു കപ്പിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ടു, തിളച്ച വെള്ളം ചേർത്തിളക്കി. ആവി പറക്കുന്ന ഒരു കപ്പ് അവനു കൊടുത്തു. അവൻ കാപ്പി ഊതിക്കുടിക്കുന്നത് കൗതുകത്തോടെ നോക്കി, ഞാനും കാപ്പി കുടിക്കാൻ തുടങ്ങി. ഞങ്ങൾക്കിടയിലെ ആവി മെല്ലെ അലിഞ്ഞില്ലാതായി.

പതുക്കെ അവന്റെ മുഖത്തെ വിളർച്ച മാറി. കണ്ണിൽ ഉന്‍മാദത്തിന്‍റെ തിരയിളക്കം കണ്ടുവോ? 

“പറയൂ ഹരി, എന്താണ് കാര്യം?”

അവന്റെ കണ്ണിലെ തീനാളം കെട്ടുപോയോ? ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. 

ഞാനാകെ അസ്വസ്ഥനായി. ആകെ തിരക്കുള്ള ദിവസമാണ്,  ആഡിറ്റിംഗിന് ആള് വരും, അക്കൗണ്ട് നോക്കുന്ന കുട്ടി ഇന്നവധിയാണ്, ഭർത്താവിന്റെ അച്ഛൻ ആശുപത്രിയിൽ ആണത്രേ.

വൈകിട്ട് നേരത്തെ ഇറങ്ങിയാലേ ട്രെയിൻ കിട്ടൂ, വീട്ടിൽ അമ്മ കാത്തു നിൽക്കും,  ഉറങ്ങാതെ.  നാളെ അമ്മയെയും കൂട്ടി ഗുരുവായൂരു പോണം. ഏറെനാളായുള്ള അമ്മയുടെ ആഗ്രഹമാണ്. ഇവനെ ഒഴിവാക്കുവാൻ എന്താണ് മാർഗം? 

ഹരിയെ നോക്കി, അവൻ വീണ്ടും അസ്വസ്ഥനായി തുടങ്ങി. വന്നകാര്യം പറയൂ ഹരി...

എന്റെ സ്വരത്തിലെ തിടുക്കം അറിഞ്ഞാവാം അവൻ പിറുപിറുത്തു, അവ്യക്തമായി. കാറ്റിൽ ഉലയുന്ന നാളത്തിൽ നിന്നും തെളിയുന്ന മങ്ങിയ  പ്രകാശം പോലെ, വിതുമ്പി,  വിളറിയ സ്വരം ദൂരെ നിന്നുമാണോ ഞാൻ കേൾക്കുന്നത്? 

“നിനക്കറിയാമല്ലോ,  നീയല്ലാതെയാരും എനിക്കില്ല,  കേൾക്കാൻ. ഇന്ന് രാവിലേ ഭാമ  വന്നിരുന്നു, ഏതോ യാത്ര പോകുന്നുവത്രേ... കൈ പിടിച്ച് അവളുടെ കുഞ്ഞും. നമ്മുടെ കുഞ്ഞ്. കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ആ കുഞ്ഞിന് എന്നാണ് നിന്റെ ഛായ വന്നത്? അവൾ ആരെയാണ് ശിക്ഷിക്കുന്നത്, എന്നെയോ അതോ നിന്നെയോ?”

ഞാനാകെ വിയർത്തു, മുഖം വിളറി. പഴയ സ്വാർത്ഥത ഫണം വിടർത്തി ആടി. അതോ ഭീരുത്വമോ? 

ഭാമയെ കുറിച്ചോർത്തപ്പോൾ മനസ്സ് പിടഞ്ഞു. ഓർമ്മയിൽ ഒരു നിശാഗന്ധി തേങ്ങി വിരിയുന്നുവോ? 

എന്റെ കളിക്കൂട്ടുകാർ,  ഹരിയും ഭാമയും. എവിടെയാണ് കണക്കുകൾ തെറ്റിയത്?  ആരുടെ സ്വപ്നത്തിലാണ് വിധി കറുത്ത ചായം പുരട്ടിയത്? ആർക്കാണ് പിഴച്ചത്, എനിക്കോ ഹരിക്കോ അതോ അവൾക്കോ? 

ഹരിയുമായുള്ള എന്റെ ബന്ധം ഉലയുമെന്നായപ്പോൾ അവളാണ് വഴിമാറി തന്നത്.

അവൾ ഒരു തടസ്സമാവരുത്, ഹരി പാവമാണ്. അവനു താൻ മാത്രമേയുള്ളു എന്ന് പറഞ്ഞ് അവൾ പോയി, ഒരു പുഴ ഒഴുകി തീർന്നത് പോലെ, ഒരിക്കലും തിരിഞ്ഞു നോക്കാതെ, ഓർക്കാതെ.

ഞാനായിരുന്നു സ്വാർത്ഥൻ. അവരൊരുമിക്കുന്നത് കാണാൻ സാധ്യമല്ലായിരുന്നു. ഭാമ അറിഞ്ഞു സത്യം, ഹരിയും. അവളുടെ സ്വപ്നങ്ങൾക്ക് ഞാൻ തടസ്സമെന്നറിഞ്ഞിട്ടും അവളെന്നെ വെറുത്തില്ല. ഹരിയും പറഞ്ഞില്ല എന്നോട്, അവളെ മറക്കാൻ. പറഞ്ഞിരുന്നുവെങ്കിലോ...?  ആവോ.

ഞങ്ങളെ വിട്ട് അവൾ പോയി, പറഞ്ഞു തീർന്ന ഒരു കഥ പോലെ.

അതോടെ ഹരി ആകെ മാറി. അധികം സംസാരിക്കാതായി. വല്ലപ്പോഴും കാണാൻ വരും, മിണ്ടാതെ കുറച്ചു നേരം കൂടെയിരിക്കും. ഒന്നു നോക്കി, എന്റെ കൈ ഒന്നുതൊടും, ചിലപ്പോൾ ഒന്നു ഞെരിക്കും. ഒരു നിമിഷം നിൽക്കും, പിന്നെ ഒന്നും പറയാതെ നടക്കും, ഒരു കുളിർകാറ്റ് ഒഴുകിവന്നു മറഞ്ഞത് പോലെ. 

ഞാനോ? എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശം കൂടി വന്നു. കൊടുംകാറ്റ് പോലെ അലഞ്ഞു, പലതും തല്ലിത്തകർത്തു, വെട്ടിപ്പിടിച്ചു. തളർന്നു വീണു,  അഭയം തേടി, ഒടുവിൽ എല്ലാം മടുത്തു ഒളിച്ചോടി. പിന്നെപ്പോഴോ വീണ്ടും തുടങ്ങി. പോയതൊന്നും തിരികെ കിട്ടിയില്ല.

ഭാമയെ ഒരിക്കലും കണ്ടില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം.

ഹരി പക്ഷെ ഒരു നിഴലുപോലെ കൂടി. ജീവന്റെ നിഴൽ. നാട്ടിലായിരുന്നപ്പോൾ എന്നും വൈകിട്ട് കാണും. പറയാൻ ഒന്നുമില്ല, എങ്കിലും കൂടെയുണ്ടാകും. വെറുതെയിരിക്കും, അമ്മ കൊടുത്ത കാപ്പി കുടിച്ചു കഴിഞ്ഞാൽ യാത്രയാകും. അമ്മ ഇടയ്ക്ക് ചോദിക്കും,  “എന്ത് വേഷമാ ഹരി, നിന്റെ കോലം കണ്ടില്ലേ. താടിയൊക്കെ വടിച്ചൂടെ നിനക്ക്”. ഹരി ഒന്നും പറയാതെ വെറുതെ ചിരിക്കും.

‘പിള്ളേരുടെ ഒരു കാര്യം’ എന്നെല്ലാം പിറുപിറുത്തു അവർ അടുക്കളയിലേക്ക് പോകുമ്പോഴേക്കും ഹരി യാത്രയാകും. 

പുതിയ മാസ്മര ലോകത്തേക്ക് താൻ പോയപ്പോൾ കുറച്ചു നാൾ പിറകെ വന്നു, പരാതിയില്ലാതെ, പരിഭവമില്ലാതെ. മെല്ലെമെല്ലെ അവൻ സ്വയം പിൻവാങ്ങി, ഒരു വാത്മീകത്തിൽ ഒതുങ്ങി.

നാട്ടിൽ വന്നാൽ കാണും. കുറച്ചു നാൾ പക്ഷെ കണ്ടില്ല, പിന്നീടറിഞ്ഞു ഒരു ദീർഘയാത്ര ആയിരുന്നു. എന്നോട് പറഞ്ഞില്ല, എന്തോ... 

ഭാമ നാട്ടിൽ വന്നതും അറിഞ്ഞു. അമ്മയാണ് പറഞ്ഞത്. മൂളിക്കേട്ടു, വെറുതെ.

യാത്ര കഴിഞ്ഞൊരു നാൾ, ഹരി വന്നു കണ്ടു, പട്ടണത്തിലെ ലോഡ്ജിൽ. പിന്നെ അതൊരു ശീലമായി. വല്ലപ്പോഴും വരും, ഒരു രാത്രി തങ്ങും. ഒന്നും പറയാനുണ്ടാവില്ല. എന്ത് പറയാൻ, പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തു ഭാമ പോയി. അതോടെ ഹരി മൗനിയായി. അവന്റെ  പേക്കോലം ഇതാ വീണ്ടും  മുന്നിൽ.

കാപ്പി കുടിച്ചു കഴിഞ്ഞല്ലോ.

“ഹരി കുളിക്കുന്നുണ്ടോ”.

അവൻ എന്നെ തറച്ചു നോക്കി, പിന്നെ പരുഷമായി പറഞ്ഞു. 

“ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല, അല്ലേ? ഭാമ വന്നു, എന്നെ കാണാൻ. ഞാൻ യാത്ര ചോദിക്കാൻ വന്നതാണ്. പോകുന്നു, അവളുടെ പിറകെ. എനിക്ക് പോയേ തീരൂ. ഇത്രയും നാൾ നിന്റെ നിഴലായി, ഇനി അവളുടെ നിഴലാകട്ടെ... “ 

എനിക്കൊന്നും മനസ്സിലായില്ല. കൗതുകത്തോടെ ഞാൻ ഹരിയെ നോക്കി.

“എന്റെ ഹരി, എനിക്കൊന്നും മനസ്സിലാകുന്നില്ല”.

അവന്റെ കണ്ണുകളിലെന്തേ ഒരു നിറമാറ്റം?  

“നിനക്കു മനസ്സിലാകില്ല, ഒരിക്കലും. യാത്ര, ചങ്ങാതി, ഇനി ഒരു വരവില്ല, തിരികെ”, ഹരി ഒരു മാത്ര നിർത്തി,  പറഞ്ഞു തീരാത്ത കഥ  പോലെ. പോകാൻ എഴുന്നേറ്റു. എന്തോ, മുഖം തിരിച്ചെന്നെ നോക്കി,  ഒരു നിമിഷം. അടുത്ത് വന്ന്  എന്റെ കൈകൾ കൂട്ടിപ്പിടിച്ചു, കണ്ണുകളിൽ ഉറ്റുനോക്കി ഒരായിരം കഥകൾ പറഞ്ഞു തുടങ്ങി.

 “യാത്ര പറയാൻ വന്നതാ”. അവൻ വല്ലാതെ ചിരിച്ചു. ആദ്യമായി ഒരു പേടി തോന്നി. മനസ്സ് പിടഞ്ഞു.

പിന്നെ,  പതുക്കെ അവൻ എന്നെ തോളിൽ കൈചേർത്ത്  കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.

“ഹരീ...” ഞാൻ വിതുമ്പി. കഥയുടെ ബാക്കി ചെവിയിലോതുംവണ്ണം അവൻ  മുഖം അടുപ്പിച്ചു. എന്റെ ഞരമ്പിലൂടെ അവന്റെ രക്തം കിനിഞ്ഞൊഴുകി.

അവന്റെ ഉന്മാദം എന്റെ സിരകളിലേക്കും പടർന്നു. മേലാകെ ശവംനാറിപ്പൂക്കളുടെ വിത്തുകൾ വാരി വിതറിയോ?  എവിടെ ഹരി. മറഞ്ഞുവോ വാതിൽപ്പഴുതിലൂടെ... അവൻ,  അവധൂതൻ കാറ്റായി മറഞ്ഞു. എന്റെ ചങ്ങാതി, ഭാമയുടെ കാമുകൻ,  ഞങ്ങളുടെ ഹരി.

ഞാൻ ആലസ്യത്തിലാണ്ടു,  നീണ്ടുനിവർന്ന് കിടന്നു കട്ടിലിൽ. ഒരു ചെറു പുഞ്ചിരി നെഞ്ചിൽ നിന്നും തുളുമ്പി ഒഴുകി. ഉറക്കം, വല്ലാത്ത ഉറക്കം. ഹരിയും ഭാമയും ചിരിക്കുന്നു, അവിടെ നിന്ന്,  ഒരു മായാനഗരിയിൽ, ദ്വാരകയിൽ! എന്നെ വിളിച്ചുവോ? ഞാനും വരുന്നു.

ശവംനാറി പൂക്കൾ മേലാകെ വിരിഞ്ഞു, വീണ്ടുംവീണ്ടും വിരിഞ്ഞു തുടങ്ങി.

എന്റെ ഭാമാ, എന്റെ ഹരി, ഞാൻ... 

ഉറക്കം.

പിറ്റേ ദിവസം കണ്ട ഒരു വാർത്തയുടെ അടിക്കുറിപ്പ് ഇതായിരുന്നു: 

ശ്രദ്ധിക്കുക, ആത്മഹത്യ എല്ലാറ്റിനും ഒരു പരിഹാരമാണ്. 


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...