Friday, July 31, 2020

പുനരുജ്ജീവനം


പുനരുജ്ജീവനം
പാലായനം, ഇനി നോവുന്ന ചൂളയിൽ
നീറ്റിയൊടുക്കാം ഗൃഹാതുരത്വം
ജീവനമന്ത്രം ജപിച്ചും മുടിക്കെട്ടിൽ 
സമ്പാദ്യമെല്ലാമൊതുക്കി വച്ചും 
തോളത്തു തൂക്കിയ സഞ്ചിയുംഭാരിച്ച 
ജീവിതം നേദിച്ച മാറാപ്പുമായ് 
തീരാത്ത നൊമ്പരം ബാക്കിയാക്കി മൽപ്ര-
യാണം തുടങ്ങി, മടക്കയാത്ര!

ഗ്രാമപഥങ്ങളും നാടും നഗരിയും 
കാട്ടു പൂഞ്ചോലയും ഗർത്തങ്ങളും 
താണ്ടിയെൻ പാതി മറഞ്ഞ മുഖവുമായ്  
പാത്തും പതുങ്ങിയും യാത്രയായീ!
ആരാരുമില്ലാതെ ശൂന്യമാം കൽപ്പാത
താണ്ടണം കാതങ്ങളേറെയിനി.

പാദങ്ങളോ വിണ്ടുകീറിത്തുടങ്ങിയെൻ 
ഭാമിനി പിന്നിൽ നിഴലു പോലെ
മോഹിച്ചുപേരു വിളിക്കയാണോ കാത്തു  
നിൽക്കേണ്ടതെല്ലും തളർച്ചയില്ലേ

തീണ്ടുവാൻ പാടില്ലയാരെയുംമുൻപോട്ടു 
മാത്രമേ കാതരേ വീഥിയുള്ളു 
ആരെയും നോക്കാതെ കാത്തിരിക്കാതെ -
ടക്കാം പ്രതീക്ഷതൻ നാമ്പ് തേടി.
കാതരമാം മിഴിക്കോണിൽ തുളുമ്പിയൊ 
നീർക്കണംനിൻ കുനുചില്ലിയിലും 
വേപഥു പൂണ്ടുവോ പൂംതനുവാകെ വി-
റച്ചുവോനെറ്റിയിൽ കണ്ടുവെന്നോ 
തീരാ ചുളിവുകൾവേവും വയറ്റിലേ-
യാന്തലാൽ ഭൂമി പിളർന്നുവെങ്കിൽ!

എൻവിളിക്കായ് വൃഥാ മോഹിക്കയോമാത്ര –
യെങ്കിലും വിശ്രമിക്കേണ്ടതല്ലേ!
കൈകൊണ്ടിരുമുടി കെട്ടു താങ്ങിതലയ്-
ക്കായം കൊടുത്തുംവിവശമായും
തോളിലെ മാറാപ്പിൻ ഭാരമൊരുക്കിയും 
പോകാം തൊഴിലിടം ശൂന്യമായി
ആധിയും വ്യാധിയും തീരാത്ത ദുഃഖത്തി-
ലാഴ്ത്തും കൊറോണയും വന്നണഞ്ഞെൻ
ശാലയും താഴിട്ടുപൂട്ടിയെന്നാലയം 
ഊഷര ഭൂമിയായ് മാറിയല്ലോ!

പാടിപുകഴ്ത്താൻ പദങ്ങളില്ലായിനി 
പിൻവിളിയാർക്കുവാൻ നാഥനില്ലാ. 
ഒത്തുപിടിച്ചാർത്തു നൃത്തമാടാൻ കളി-
ക്കൂട്ടരില്ലവേദി ആളൊഴിഞ്ഞു.

മാരിപേമാരിമഹാമാരി ഭൂമിയെ 
കൊത്തിവിഴുങ്ങുന്ന ഭൂതമായി 
പാതി മുഖം മറച്ചല്ലോ നടക്കേണ്ടൂ 
പാഴ്മുഖം പോലെയെൻ സ്വപ്നങ്ങളും.
വീട്ടിലെത്തേണമെൻ ഭാരങ്ങളെല്ലാമി-
റക്കേണമമ്മേ നിൻ മാറിടത്തിൽ 
ചാഞ്ഞുറങ്ങേണമെന്നച്ഛന്റെ നെഞ്ചിലെ 
തീരാ മിടിപ്പൊന്നു കേട്ടിടേണം!
ഞങ്ങൾ വരുന്നിതാ രാവിന്റെ മക്കളായ് 
ഞങ്ങൾ വരുന്നെന്റെ മണ്ണിലേക്ക്!

നാടുകൾ ശോകവിമൂകം ശ്മശാനമാം
വീഥികൾ താണ്ടി നഗരങ്ങളിൽ
രാവുറങ്ങാതെ നടക്കയാണത്താണി-
യില്ലാതെ ജ്യേഷ്ഠസഹോദരൻ ഞാൻ!  

യാത്ര, യനന്തമാം യാത്രയിൽ, തോളിലെ
ഭാണ്ഡത്തിലിത്തിരി റൊട്ടി മാത്രം!
ഭാമിനിയുണ്ട് പിറകിൽ തിരിഞ്ഞൊന്നു
നോക്കില്ലവളൊന്നു വീണു പോയാൽ
തൊട്ടു വിളിക്കില്ല, വീണാലവളുടെ
മേനി തലോടുവാൻ പാടില്ല പോൽ!

തീണ്ടുവാൻ പാടില്ലയത്രേയശുദ്ധി പ-
ടരുമീ ലോകം തകരുമത്രേ!
ചുണ്ടോടടുക്കില്ലയെൻ മുഖംപാതിയും
ആഛാദനം ചെയ്തതല്ലേ സഖീ!  

യാത്രയല്ലോയിനി ശൂന്യതയിൽ നിന്നും
ജീവിതം കെട്ടിപ്പടുക്കവേണം
കാതങ്ങളായിരമേറെയുണ്ടേയതി-
ജീവന മന്ത്രം രചിക്കവേണം
നൂപുര മന്ത്രം ജപിക്കേണമൊറ്റക്കു
വാസന്ത കാലം വരും വരേയ്ക്കും!
  

No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...