ഉറുമ്പുകളുടെ വരി
------------------------------------------------------
വരിയായിനിൽക്കാം വരതീർത്തുനീങ്ങാം
വരിതെറ്റാനിഴൽ മാത്രമായിഴയാം
മുൻപിലെയുറുമ്പിന്റെ പൊക്കിൾക്കൊടിയുടെ
തുമ്പിൽപ്പിടിച്ചു നടക്കാമിനി,
തെറ്റാതെ നിരയായി
വരയായി മാത്രംനടക്കാം!
പിമ്പേയിഴയുമുറുമ്പിന്റെ നിഴൽ തേടും
പദചലനങ്ങൾതൻ നേരിയമർമ്മരം
കേട്ടുനടക്കാം, ഓർത്തോർത്തിഴയാം
ഒരുവരി മാത്രമായ് മാറാം.
പിൻപേനടന്നും, പ്രതീക്ഷതൻ
വർണങ്ങൾ നിർവചിച്ചും
നിഴൽപ്പാടകലങ്ങൾ തീർത്തും
യഹോവയെ പാഴ്വാക്കുതിർത്തും
ശപിച്ചും
പുത്തൻനിയമം രചിച്ചും
നിരങ്ങട്ടെ, മുൻപോട്ടു ഞാനും!
സ്വർലോകമുണ്ടത്രെ ദൂരെയേതോ
മഴവില്ലിന്റെ തുഞ്ചത്തു...
നേരെങ്കിലോ?
നേർത്ത സംശയം
തീർക്കുവാനാരുമില്ലെങ്കിലും
ഞാനുംനടക്കുന്നു പിൻപേ!
എന്റെയീയാത്ര,
നിരാസംതുളുമ്പും പലായനമോ?
കണ്ടു ശപിക്കട്ടെ സർവചരാചര ജാലങ്ങളും
മുപ്പത്തിമുക്കോടിദൈവങ്ങളും.
ഒരുമാത്രയെങ്കിലും നിൽക്കാതെ,
തളരാതെ
മുൻപോട്ടുനീങ്ങട്ടെ
പാതിമറച്ച മുഖവുമായ് ഞാൻ!
പിൻവിളിക്കാരുമില്ലാ, തിരിഞ്ഞൊന്നു
നോക്കുവാനാശയില്ല
വരിതെറ്റാ നിഴലായിഴഞ്ഞിടുമ്പോൾ
ജീവനഗാഥയുരുവിടുമ്പോൾ
ചിന്ത, വെറുമൊരു പാഴ്വസ്തു
ആരും തൊടാത്ത ജടിലവസ്തു
പടം പോലഴിഞ്ഞൂ,
ഞാൻ സ്വതന്ത്രനെന്നോ...
കാണാതുരുക്കഴിച്ചോതുന്ന മന്ത്രം
അതിജീവനത്തിന്റെയത്രേ!
നേരെന്നറിയില്ല, നേരവുമില്ലിനി
വരിതെറ്റാതലയണമത്രേ, ക്ഷമയുടെ
വരയായി മാറണമത്രേ!
ജീർണിച്ചമന്ത്രം തിരസ്കരിച്ചും
പുതുജീവന്റെ
ആദ്യനാദത്തിനായ് കാതോർത്തു-
മക്ഷരമന്ത്രം തിരഞ്ഞും
മുൻപോട്ടു നീങ്ങുമ്പോഴും
വര മായും നിമിഷത്തിനായി
വരിയില്ലാ മുഹൂർത്തത്തിനായി
കാത്തിരിക്കുന്നു
ഉറുമ്പിന്റെ ജന്മമായ് ഞാൻ
ചെറു തരിമ്പിൻ പ്രതീക്ഷയോടെ!
കാലിലപ്പൊഴും ചിലമ്പുന്നു
പൊക്കിൾക്കൊടി തീർത്ത
ബന്ധനത്തിൻ
അഴിയാക്കുരുക്കുകൾ!
No comments:
Post a Comment