ചൂണ്ടക്കാരാ, ചങ്ങാതി
നിന്‍റെ ചൂണ്ടയിലിന്നു
കൊത്തിയ മീനേത്?
നിന്റെ സ്വപ്നങ്ങളെ
ആകാശഗംഗയുടെ
അങ്ങേക്കരയിലേക്കു
തുഴഞ്ഞു കൊണ്ടുപോകുന്ന
പരൽമീൻകണ്ണുള്ള
കടത്തുകാരിയോ,
കരിമീൻപോലെ
പെടയ്ക്കണ നിന്റെ ചങ്കിൽ
നീ കുറിച്ചുവച്ച പ്രണയഗീതങ്ങൾ
മാത്രം പാടുന്ന യക്ഷഗായികയോ,
അതോ
കൊള്ളിമീൻ പായണപോലെ
ചാട്ടുളിയെറിഞ്ഞു
തീരാപരിദേവനങ്ങളാൽ
നിന്റെയിടനെഞ്ചു തകർക്കണ
അറബിക്കഥയിലെ മൊഞ്ചത്തിയോ...?
പറയൂ ചൂണ്ടക്കാരാ
ഇന്നേതു മത്സ്യകന്യകയാണ്
നിന്റെ കിനാവിലെ ചൂണ്ടയിൽ
കൊത്തിയത്?
കളിക്കൂട്ടുകാരാ
ഇന്നെന്റെ ചൂണ്ടയെ
കൊത്തിപ്പുണർന്നത്
വിരിയാൻ തുടിക്കണ
നെഞ്ചിലെ മൊട്ടിനു
കസ്തൂരിവേർപ്പിന്റെ
മണമുള്ള പെണ്ണ്
അവളുടെ ചുണ്ടിലെ
തേൻവണ്ടുകൾ
എന്റെ ജീവന്റെ
ചൂണ്ടച്ചരടിൻത്തുമ്പിൽ
വിരിഞ്ഞുവന്ന പ്രണയപുഷ്പത്തെ
കവർന്നെടുത്തു, കള്ളിയവളതു
സ്വന്തമാക്കി.
ഇനി ഞാൻ
അവൾക്കുവേണ്ടിമാത്രം
ചൂണ്ടയിട്ടുകൊണ്ടേയിരിക്കും
No comments:
Post a Comment