Friday, July 31, 2020

സൂര്യൻ


സൂര്യൻ 
--------------
ഭൂമിക്കു മഹാമാരിയത്രെ! 
അവളുടെ
നെറ്റിയിൽ തീക്കനലെന്നും  
നിശ്വാസത്തിനു 
മരണത്തിന്റെ ഉന്മദഗന്ധമെന്നും
ആരോ പറഞ്ഞു.
അവളുടെ മാറിടത്തിൽ 
മുത്ത്‌ പതിപ്പിച്ച കപാലമാലയെന്നും, 
ആലിലവയറ്റിലെ 
തടാകച്ചുഴിയിൽ  
വ്യാഘ്രങ്ങളെന്നും 
അരക്കെട്ടിൽ 
നക്ഷത്രങ്ങൾ കൊണ്ടലുക്കിട്ട
അരഞ്ഞാണമെന്നും
കല്പനാ ചിത്രങ്ങളെഴുതി.
അവളുടെ ആർത്തവ രക്തത്തിൽ നിന്നുതിർന്നു 
വീണ വിത്തുകൾ 
മഹാമാരിയുടേതെന്നും പലരും പറഞ്ഞു
കഥകൾ പലതായ് മെനഞ്ഞു
അവതാരങ്ങളെന്നറിഞ്ഞൂ 

അതു കേട്ട് 
കാറ്റ് കരഞ്ഞു 
കടൽ ചിരിച്ചു 
ആകാശം മൗനനീലിമയോടെ  
പുഞ്ചിരിച്ചു. 
ഒരിറ്റു പാലിനായ് കരയുന്ന 
കുഞ്ഞിനെപ്പോലെ 
ഭൂമിയെ വലംവച്ചു കൊണ്ട് ചന്ദ്രൻ 
അപ്പോഴും,  തൊഴുതു,  പ്രാർത്ഥിച്ചു.
സൂര്യൻ മാത്രം നിസ്സംഗനായി 
വെറുതെനിന്നു ജ്വലിച്ചൂ.

ഇവിടെ,  
ഈ കുടിലിൽ  
എന്റെ കാമിനി ചോദിച്ചു 
ഈ മാരിയിൽ ഞാൻ കുതിർന്നാൽ, 
എന്റെ കുളിരിൽ 
എന്റെ നെഞ്ചിനു ചൂട് പകരാൻ 
നിങ്ങളും പോരൂമോ എന്റെ കൂടെ? 

ഇത് കേട്ടു ഞാൻ ഒരു സൂര്യനായി 
പക്ഷെ 
ജ്വലിക്കാൻ മറന്നുപോയി
പിന്നെ 
അവളോടൊപ്പം ചേർന്നു നിന്നു!




 
 

No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...