----------
ഉപ്പ് ഒരു പ്രതീകമാണ്
പ്രതീക്ഷയുടെ ഈർപ്പവും
വാഗ്ദാനത്തിന്‍റെ ഈണവും
സ്വാതന്ത്ര്യത്തിന്‍റെ
ആർജ്ജവവുമുണ്ട്, ഉപ്പിന്.
ചോരയും വേർപ്പും കലർന്ന
കരയുപ്പിന്റെ ചവർപ്പും
കറുപ്പും മാറ്റാൻ
ഏതോ വൃദ്ധൻ
ഒരു യാത്ര
തുടങ്ങി
ഒരിക്കൽ...
കറുത്ത തൊലിപ്പുറത്തൂടെ
ചോർന്നിറങ്ങിയ ഉപ്പുനീര്
പെരുവിരലാൽ വടിച്ചുമാറ്റി
നടന്നുവത്രേ,
കാതങ്ങളോളം കടലുതേടി
കടംകഥയിലെ കല്ലുതേടി
കടലുപ്പ് തേടിയീ വൃദ്ധൻ! Ka
കടൽക്കുറുക്കിയാൽ
തെളിഞ്ഞു
വരുന്ന ഉപ്പിന്
വെള്ളയാവും നിറം
അതിനു വിപ്ലവത്തിന്‍റെ
വീര്യമുണ്ടെന്നും
പാണന്മാർ
കൊട്ടിപ്പാടി നടന്നു.
പുരാതന കാലത്തെന്നോ നടന്നതാ,
പഴംചൊല്ലായും പടപ്പാട്ടായും
കാരണവന്മാർ ചൊല്ലിക്കേട്ടതാ...
ഉറക്കംവരാത്ത രാത്രികളിൽ
കുഞ്ഞുങ്ങളുടെ മുടിയിഴകളിൽ
തെരുപിടിച്ചു, വിങ്ങലോടെ
അമ്മൂമ്മമാർ പറഞ്ഞകഥയാ...
ആ വൃദ്ധന്‍റെ
തോന്നിയവാസത്തിനു
ചൂട്ടു പിടിക്കാൻ
ഒരുപിടി ദുരാത്മാക്കളും
പിറകെ കൂടിയിരുന്നുവത്രേ!
അന്ന് കുറുക്കിയ ഉപ്പിന്
ചോന്നനിറം അധികം
അതു ചേർത്തിളക്കിയല്ലോ
പലവർണ്ണപതാകകൾ
നേതാക്കളിന്നും തുന്നുന്നത്.
പലനിറം കലർന്നതിനാൽ
അതിനു
പലേ അർത്ഥങ്ങളും
കല്പിച്ചു കൊണ്ടേയിരിക്കുന്നു
അഭിനവ രാഷ്ട്രീയതത്വാചാര്യന്മാർ!
പതാകയുടെ നടു കാണ്ഡം
കണ്ടിട്ടുണ്ടോ?
ശുദ്ധമായ കടൽനീരു
യൌവനത്തിന്‍റെ തീച്ചൂളയിലിട്ടു
നീറ്റിയെടുത്തു കുറുക്കിയെടുത്തുണ്ടാക്കിയ
വെള്ളുപ്പ്,
അതു പുരട്ടിയാണല്ലോ
പതാകയ്ക്കീ പാൽനിറം
നടുവിൽ
പതിച്ചുകിട്ടിയത്.
ആ വെളുപ്പ്
പുതിയൊരു മുഖഛായ
കല്പിച്ചുകൊടുത്തിട്ടുണ്ട്
പതാകയ്ക്ക്.
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ,
ഇതേ വൃദ്ധൻ വടിയുംകുത്തി
നടക്കുന്നചിത്രം
ഒരുനിഴലുപോലെ
അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കഥയാണ് കേട്ടോ
കല്പനയുമാകാം
നഗ്നരായ് നടക്കുന്നതിനാൽ
ആർക്കും കാണുവാൻ കഴിയുന്നില്ലെന്ന് മാത്രം!
ഞാൻ പക്ഷെ, കാത്തിരിക്കുന്നു
സത്യംവിളിച്ചു പറയണ
പ്രതീക്ഷയുടെ പുൽനാമ്പിനെ
സ്വാതന്ത്ര്യത്തിന്‍റെ വാഗ്ദാനത്തെ
ഒരു കുഞ്ഞിനെ
ഉപ്പിന്‍റെ വെണ്മയുള്ള
ഒരു മനസ്സിനെ!
Wow, well said..🙏
ReplyDelete