ഈ കുട്ടികൾ നമ്മുടെ സ്വന്തം
--------------------------------------------
ഈ കുട്ടികൾ എഴുതുന്ന
അക്ഷരങ്ങൾക്കെന്തിത്ര മൂർച്ച!
അഗ്നി പോലും പൊള്ളലേറ്റു
അലറികരയും.
മൃതിയുടെ തണുപ്പ് തേടും
പിന്നെ ഒരു ഉന്മാദിയെപ്പോലെ
അക്ഷരങ്ങളെ വിഴുങ്ങും,
പക്ഷെ, ഊതിക്കാച്ചിയ പൊന്നുപോലെ
അക്ഷരങ്ങൾ മാലകളാകും
അർത്ഥത്തെ ഗർഭം ധരിക്കും
ഈറ്റില്ലത്തിൽ വാക്കുകൾ
പിറന്നു വീഴും
ഈറ്റുനോവിൽ അഗ്നിയുടെ
സ്ഫുലിംഗങ്ങൾ ചിതറും
അതിലൊരു കണം
അനുവാചകന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങും
വേദനയായ് പടരും ഒരു
നീരുറവയായ് ഒഴുകും
ഊഷര ഭൂമിയെ ഉർവരയാക്കും
വിത്തുകളെല്ലാം നീണ്ട ഉറക്കം വെടിഞ്ഞുണരും
ഋതുമതിയാകുമ്പോൾ
കുളിച്ചു കുറിയിട്ടൊരുങ്ങി നില്ക്കും
സൂര്യനെ പ്രാപിക്കാൻ
പ്രണയത്തിലൂടെ
കവിതയായ് വിടരാൻ.
രതിനിശ്വാസങ്ങൾക്കൊടുവിൽ
ചിതറിവീണ അക്ഷരങ്ങളെ
അലസമായ് പെറുക്കിയെടുക്കും
പുതിയ കവിതകൾ പിറക്കാൻ
പിന്നെയും അക്ഷരങ്ങളെ
പെറുക്കി കൊണ്ടേയിരിക്കും!
No comments:
Post a Comment