Saturday, November 27, 2021

തോണിക്കാരിയിൽ പെയ്ത മഴ

 

മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു

മുട്ടികൂടിയിരിക്കട്ടെ?

തോണിയിൽ കേറി പരാശരൻ

ചോദിച്ചു,


“അക്കരെയെത്താൻ തിടുക്കമില്ല

മഴക്കോളുണ്ട് കണ്ടില്ലേ

മത്സ്യഗന്ധീ

നിന്റെ മേനിയിൽ ഞാനൊന്നു തൊട്ടോട്ടെ

സ്വർഗ്ഗമൊന്നു പണിഞ്ഞോട്ടെ?


നീയിങ്ങടുത്തു വാ പെൺകിടാവേ, യിനി 

പങ്കായമില്ലാതെ ഞാൻ തുഴയാം,

പുഴയോളങ്ങൾ തൊട്ടൊരു പാട്ടുപാടാം

ഗന്ധർവ്വതീരത്തു മെല്ലെയണയാം

രതിയുടെ പേമാരിയിലൊന്നായ് കുതിരാം…

 

മഴമേഘങ്ങൾ പെയ്യാൻ തുടങ്ങി 

നീയൊന്നു ചേർന്നിരിക്കൂ

നിന്റെ നെഞ്ചിൻതുടിപ്പിന്റെയീണത്തിൽ

ഞാൻ പഴംപാട്ടൊന്നു പാടാം

കുരുന്നുപെണ്ണേ...

 

കടത്തുകാരിപ്പെണ്ണിന്റെയുള്ളം കിടുങ്ങി 

തൊണ്ട കുറുകി 

മാറോടു കൈചേർത്തു പെണ്ണ് കേണു,


തമ്പുരാൻ ചൊല്ലണ്

പെണ്ണാണ്, 

കേൾക്കാതെ വയ്യല്ലോ 

പെറ്റുപെരുകുവാൻ

മാത്രമല്ലേ, യെത്ര ദുഃഖങ്ങൾ 

മേഘങ്ങളായ് പിറകേ…

എന്റെ മാനത്തിനില്ലേ തരിമ്പും വില,

വെറും പെണ്ണായ് പിറന്നതോയെന്റെ നഷ്ടം?

 

അക്കരെയെത്താതെയീ 

തോണിപോലെ ഞാനുമീ

ജീവിതപ്പുഴതൻ നടുവിൽ,

പെയ്തൊഴിയട്ടെ.

തമ്പുരാനേ, നിന്റെ

കാമവും മോഹവുമീ 

തോണിയിലൊഴുകട്ടെ,

ഭൂമി നനഞ്ഞു കുതിർന്നുരുൾ പൊട്ടിയൊടുങ്ങട്ടെ സർവ്വവും...

മയിൽപ്പീലി

 മയിൽപ്പീലി

==========

ആരാനും കണ്ടുവോ

ഞാനെന്റെ നെഞ്ചിലെ


പുസ്തകത്താളിലൊളിച്ചുവച്ച

വർണ്ണമയിൽപ്പീലികൾ?


അതിൻ നീലവർണ്ണകൺപ്പീലിയിൽ

അവളുടെ മിഴിയിതൾപ്പൂ വിരിഞ്ഞതും

ഒരു നീഹാരമുത്തായടർന്ന

നോവാൽ ഞാനൊരു കാവ്യം കുറിച്ചതും...


അഭിശപ്തമേതോ മുഹൂർത്തത്തിലാ

മയിൽപ്പീലികളൊന്നായടർന്നതും

അവളകന്നുപോയതുമൊരോർമ്മതൻ 

നിഴലായ് തീർന്നതും

ആരാനുമറിഞ്ഞുവോ...?


തിരയുന്നുവെന്തിനോ ഞാൻ

മയിൽപ്പീലിത്തുണ്ടിനെയിപ്പൊഴും,

കാണാതെപോയ പ്രണയഭാവങ്ങളെ,

നീൾമിഴിത്തുമ്പിൽ വിരിഞ്ഞ വർണ്ണചിത്രങ്ങളെ,

കല്പനകളിൽ നൃത്തമാടിയ

കാമനകളെ, രതിമോഹങ്ങളെ, മൗനസായൂജ്യങ്ങളെ

പെരിയാറിലൊഴുക്കിയ

നഷ്ടസ്വപ്നങ്ങളെ...


ആരാനും കണ്ടുവോയെന്റെ

നെഞ്ചിലൊളിപ്പിച്ച

കാമനകളെ,

തണ്ടൊടിഞ്ഞ മയിൽപ്പീലിയെ,

ഒരിക്കലും പെറ്റുപെരുകാത്ത

വാക്കുകളെ-

യെന്റെ ചിതറിയ ചില്ലക്ഷരങ്ങളെ...?

Wednesday, July 14, 2021

ഞാനും പിന്നെ ഞാനും

 കാവ്യശിഖയിൽ എന്നെ വായിച്ച എല്ലാവർക്കും നന്ദി, ശിഖയുടെ അഡ്മിൻ, സ്നേഹം. നിങ്ങളുടെ പ്രോത്സാഹനം നെഞ്ചോടു ചേർക്കുന്നു 😘🙏


കവിതയിലേക്കുള്ള യാത്ര 

----------------------------- ഞാൻ എന്നെക്കുറിച്ച് 

 ഞാൻ പെരിയാറിന്റെ നാട്ടിൽ നിന്നും വരുന്നു. കളമശ്ശേരിയാണ് നാട്. പ്രാഥമികവിദ്യാഭ്യാസം നാട്ടിൽ തന്നെ കഴിഞ്ഞു. 

ചെറുപ്രായത്തിലേ വായന കൂടെയുണ്ടായിരുന്നു. അതിനും മേലെയായിരുന്നു സ്വപ്‌നങ്ങൾ! സ്വപ്നങ്ങളിൽ എല്ലാം തികഞ്ഞൊരു രാജകുമാരന്റെ ഭാവം, യാഥാർഥ്യവുമായി പൊരുത്തപെടുമായിരുന്നില്ല എന്നു തോന്നുന്നു. 

വായന പുതിയ ലോകം കാട്ടിത്തന്നു. പൂമ്പാറ്റ, അമ്പിളിയമ്മാവൻ തുടങ്ങിയ ബാലമാസികകൾ കിട്ടാൻ എളുപ്പമായിരുന്നില്ല, എങ്കിലും കിട്ടി. പതുക്കെ മലയാളമനോരമ വായിച്ചുതുടങ്ങി. അതിലൂടെ മുട്ടത്തുവർക്കി, കാനം, അയ്യന്നേത്ത് തുടങ്ങിയവരിലൂടെ ബാല്യത്തിന്റെ അതിരുകടന്നു. 

സ്കൂൾ വിദ്യാഭ്യാസം കഴിയും മുൻപേ ഉറൂബ്, പാറപ്പുറം, എം ടി, പൊറ്റക്കാട്, ഡിക്കൻസ്, ബ്രാം സ്‌റ്റാക്കർ , മാർക്ക്‌ ട്വൈൻ തുടങ്ങിയവരെ വായിച്ചു.


കോളേജ് വിദ്യാഭ്യാസം മറ്റൊരു ലോകം തുറന്നുതന്നു. മലയാളസാഹിത്യത്തിൽ പാടേ മുഴുകി. പഠനവും വായനയും കാണുന്ന സ്വപ്‌നങ്ങളും ഹരമായിരുന്നു. അതിൽ കണ്ണശ്ശൻമാർ, എഴുത്തച്ഛൻ മുതൽ സുഗതകുമാരി വരെയും ചന്തുമേനവൻ മുതൽ വിജയൻ വരെയും കടന്നുവന്നു. ഷൊളോഖോവ്, ദസ്തയ്വ്സ്‌കി, ഡൂമാസ്, കോനൻ ഡോയിൽ, അഗതാ ക്രിസ്റ്റി അങ്ങനെ പലരെയും അറിഞ്ഞു. 

ഇരുപതുവയസ്സു തികയും മുൻപേ അച്ഛൻ മരിച്ചു. ശേഷിച്ചത് ഒരു വലിയ കുടുംബവും അച്ഛൻ ഇട്ടേച്ചുപോയ കുറേ ബാധ്യതകളും ആയിരുന്നു. 

പഠിച്ചു, ആവേശത്തോടെ. പുസ്തകങ്ങൾ ആത്മാർത്ഥസുഹൃത്തുക്കളായി മാറി. ബിരുദവും ബിരുദാനന്തരബിരുദങ്ങളും കഴിഞ്ഞപ്പോഴേക്കും വെല്ലുവിളികളായി നിന്നതു വരുമാന മാർഗമായിരുന്നു. ചോദ്യമായി തൂങ്ങിക്കിടന്നത് സ്വത്വവും!

അന്നത്തെ മധ്യമവർഗത്തിനും ഉയർന്ന വർഗ്ഗത്തിനും കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ എപ്പോഴും ഒരാളെ വേണം, പ്രത്യകിച്ചു പണിയൊന്നുമില്ലാത്ത എനിക്ക് അതൊരു വരുമാനമായി.

കാലവും സുന്ദരമായി ഒഴുകി. ആളുകളെ കാണാനും അഭിമുഖീകരിക്കാനും എളുപ്പമല്ലാത്ത ചുറ്റുപാട്. കൈപിടിച്ച് നടത്താൻ കൂടെ ആരുമില്ലെന്നു തോന്നിയ ഘട്ടത്തിലാണ് പ്രീഡിഗ്രിക്കു പഠിപ്പിച്ച സാറ് കെന്യയിലുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുത്തിയത്. അത് പുതിയൊരു ലോകം തുറന്നുതന്നു.


കെന്യയിലേക്ക് ജോലി സംബന്ധമായി എത്തി (1988). ഇംഗ്ലീഷ് പഠിക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. അങ്ങനെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ബെസ്റ്റ് സെല്ലേഴ്‌സ്, ക്ലാസ്സിക്കുകൾ പലതുംവായിച്ചു. അവിടെ മൂന്നുവർഷം അധ്യാപകനായി കഴിഞ്ഞത് എനിക്ക് പുതിയ വാതിലുകൾ തുറന്നു തന്നു. വെല്ലുവിളികളും ഉണ്ടായിരുന്നു.

ഒരിക്കൽ തോക്കിന്റെ മുന്നിൽ, പരിചയമില്ലാത്ത ഒരമ്മയുടെയും മക്കളുടെയും കൂടെ, അവരെ ചേർത്തുപിടിച്ചു നിന്നു. കൊള്ളക്കാർ പോയപ്പോൾ പുഞ്ചിരിയോടെ കപടധൈര്യത്തോടെ അവരെ ആശ്വസിപ്പിച്ചു.

(ഇതിന്റെ ഒരാവർത്തനം മസേരുവിലും ഉണ്ടായിരുന്നു. അന്നു കൂടെഉണ്ടായിരുന്നതു മകളും ഭാര്യയും ലണ്ടനിൽ നിന്നും വന്ന രണ്ടു സുഹൃത്തുക്കളും).

ആഭ്യന്തരകലഹങ്ങളിൽ കലുഷിതമായ കെന്യയുടെ സാമ്പത്തിക മൂല്യത്തിന് ഇടിവു സംഭവിച്ച ആ കാലഘട്ടത്തിൽ ഒരു പ്രവാസിക്ക് മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല എന്നു ഞാൻ കരുതുന്നു. 1991 ൽ ഞാൻ ല്സോത്തോയിലേക്ക് കുടിയേറി. 

പിന്നെ ഇന്നുവരെ ഇവിടെ.

ല്സോത്തോ മറ്റൊരുലോകം. വിവാഹം, ഞങ്ങളുടെ മകൾ, ജീവിതം ഒരു കരക്കെത്തിപിടിക്കുന്ന തിരക്കിനിടയിൽ വീണ്ടും പഠനം, ഗവേഷണം. 

മരണം മുന്നിൽ കണ്ടനിമിഷങ്ങൾ ഇവിടെയുമുണ്ടായിരുന്നു, പലവട്ടം. 

അതെല്ലാം മാറ്റിവച്ചാൽ, പ്രധാനാധ്യാപകനായി ജോലിചെയ്തും, ഗവേഷണത്തിൽ മുഴുകിയും അധ്യാപർക്കായി capacity building വർക് ഷോപ്പുകൾ നടത്തിയും നാടുകൾ കറങ്ങിയും ജന്മനാടിനെ ആഘോഷിച്ചും വർഷങ്ങൾ കഴിഞ്ഞു, പിന്നെ കുഴഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാൽ ജോലി രാജി വച്ചു (2019). എങ്കിലും ഏറ്റെടുത്ത ചില പ്രൊജക്റ്റ്‌കൾ തുടരുന്നു. ഇതിനിടയിൽ ഏകമകൾ ഡോക്ടർ ആയി സൗത്ത് ആഫ്രിക്കയിൽ ജോലി തുടങ്ങി. ഭാര്യ, ഉമ ജോലി ചെയ്യുന്ന കോളേജ് കാമ്പസിൽ ഞങ്ങൾ താമസിക്കുന്നു. 

ഇപ്പോൾ ല്സോത്തോയുടെ തലസ്ഥാനനഗരിയായ മസേറുവിൽ താമസം. നാട്ടിൽ വരാൻ പ്ലാൻ ചെയ്തപ്പോഴേക്കും മഹാമാരി പടർന്നു. 

സന്ദർശിച്ചതിൽ ഇഷ്ടപ്പെട്ട നഗരങ്ങൾ കേയ്റോ, ലണ്ടൻ, കേപ്പ് ടൌൺ. ഇഷ്ടപ്പെട്ട ജനസമൂഹം, ബസോത്തോ. നിഷ്‌ക്കളങ്കരാണ് ഈ നാട്ടിലെ ജനങ്ങൾ. 


വായനയും എഴുത്തും 

-------------------------------------- 

ജീവിതത്തിൽ ആദ്യപകുതി ജന്മനാട്ടിലും രണ്ടാംപകുതി ആഫ്രിക്കയിലുമായി കഴിയുമ്പോൾ കടപ്പാട് രണ്ട് നാടുകളോടും സംസ്ക്കാരങ്ങളോടും ഒരുപോലെ. നെഞ്ചോടു ചേർക്കുന്ന അനുഭവങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും ലഭിച്ചു. സ്വത്വം തേടിയുള്ള യാത്രയിൽ ഗവേഷണം ചെയ്തതും അധ്യാപകരുടെ ഔദ്യോഗിക സ്വത്വം (professional identity) എന്ന വിഷയത്തെക്കുറിച്ച്. 

വായിച്ചവരിൽ നെഞ്ചോടു ചേർന്നുനിൽക്കുന്നത് ആമി, ഉറൂബ്, കാരൂർ, സുഗത, ബഷീർ, ദസ്തയ്വ്സ്‌കി, യൂഗോ, ടോൾസ്റ്റോയ്, ഗോർക്കി, തോപ്പിൽ ഭാസി, വയലാർ, പി തുടങ്ങിയവർ.


രണ്ടാം പാതിയിലെ ജീവിതത്തിൽ മലയാളവുമായും നാടുമായുള്ള ബന്ധം കുറഞ്ഞു. 

മഹാമാരി തുടങ്ങിയ 2020 ൽ ഗവേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കായി ട്രെയിനിങ് തുടങ്ങി. അപ്പോഴേക്കും ലോക്ഡൗൺ വന്നു. അങ്ങനെ എഴുത്തിൽ മുഴുകി. ഇവിടെയുള്ള പത്രങ്ങളിൽ എഴുതിത്തുടങ്ങിയത് വിദ്യാഭ്യാസത്തെക്കുറിച്ചും മഹാമാരിയെ തരണം ചെയ്തു വിദ്യാഭ്യാസം മുന്നോട്ടു നീങ്ങേണ്ടതെങ്ങനെയെന്നും.


അതിനിടയിൽ ഫേസ്ബുക്ക്‌ ൽ വന്നുതുടങ്ങി. യുവസാഹിത്യകാരന്മാരെ വായിച്ചുതുടങ്ങി. അതിലൂടെ ഭാഷയിലും എഴുതിതുടങ്ങി. കൃത്യമായി പറഞ്ഞാൽ, ഒരുവർഷം!

കുറേയേറെ കവിതകൾ, കഥകൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നു, ഒപ്പം കുറച്ചെണ്ണം അച്ചടിമാധ്യമത്തിലും. പലരുടെയും പ്രോത്സാഹനത്താൽ ഈ വർഷം മാർച്ചിൽ ആദ്യകവിതാസമാഹാരമായ പരാബോള, ഗ്രീൻ ബുക്സ് ഇറക്കി. ഉടനെതന്നെ കഥാസമാഹാരവും വരുന്നു.

ഞാൻ സംതൃപ്തനാണ്, ജീവിതത്തിലും, വിദ്യാഭ്യാസത്തിലും, എഴുത്തിലും. 


എന്റെ എഴുത്ത് എന്റെ ചിന്തയുടെ ഫലമാണ്. എഴുതിക്കഴിഞ്ഞാൽ ആർക്കും സ്വന്തമാക്കാം. ഇന്നും ഞാൻ യാത്രയിലാണ് സ്വത്വം തേടിയുള്ള ഈ യാത്രയിലൂടെ പലതും പഠിച്ചു. ഇനിയും ബാക്കിയാണ്. ബുദ്ധനും രാമനും ശങ്കരനും കൂടെയുണ്ട്. ഗാന്ധിയും മണ്ടേലയും മുൻപിലും. 

ഭാഷയിൽ എഴുതിത്തുടങ്ങിയത് എങ്ങനെയെന്നോ എന്തിനെന്നോ ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടില്ല, എന്നിട്ടും എഴുതുന്നു! ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാവ്യഥകളും ഞാനും അനുഭവിച്ചിട്ടുണ്ട്. 

ഏറ്റവും വലിയ ദുഃഖം അസ്തിത്വവുമായി (identity) ബന്ധപ്പെട്ടതെന്നു ഞാൻ കരുതുന്നു. Self-motivation ആണ് ഏറ്റവും വലിയ ശക്തിയെന്നും!


എഴുത്താണ് ഇപ്പോഴത്തെ എന്റെ സന്തോഷം. ഭാഷയുടെ കൂമ്പടഞ്ഞിട്ടില്ല, അടയുകയുമില്ല എന്നും ഞാനറിയുന്നു. നമ്മുടെ യുവസാഹിത്യകാരന്മാരിൽ നിന്നും എനിക്കേറെ പഠിക്കാനുണ്ട് . ഭാഷയിൽ എന്നും ഒരു വിദ്യാർഥിയാണു ഞാൻ.


ഡോ. അജയ് നാരായണൻ 

Maseru

Monday, August 31, 2020

കുറുംകവിതകൾ

 കുറുങ്കവിതകൾ പിന്നെ ഒരു നെടും കവിതയും by അജയ് നാരായണൻ 

* * * * * **************************** * *


അവസ്ഥാന്തരങ്ങൾ 

----------------------------------

_*വളർച്ച*_ 

ചിതറിത്തെറിച്ച ഹൃദയത്തിനു 

പകരമൊരു സ്വപ്നം 

അവർ തുന്നിത്തന്നു 

ഇപ്പോൾ നവയൗവനത്താൽ 

നാൾതോറും വളരുന്ന അവസ്ഥയെനിക്ക്!


_*പാഠം*_ 

വഴിവക്കിൽ കളഞ്ഞുപോയ 

അക്ഷരങ്ങൾ എന്നെത്തേടി വന്നു 

ഓരോന്നും പെറുക്കിയെടുത്തു 

ഞാനിപ്പോൾ സ്വപ്നം കൊരുക്കുന്നു


_*മത്സരം*_ 

മാതാപിതാഗുരു ദൈവം...

ഈ നിര തെറ്റി 

ദൈവം എപ്പോഴും ഇടിച്ചു കേറി 

മുൻപിൽ വന്നെന്നെ നോക്കി 

നിൽക്കുന്നു സാകൂതം, ഞാനും!


_*നിരാസം*_ 

മാതാ പിതാ ഗുരു ദൈവം 

നിരയിലെ മൂന്നു പേരെ ഞാൻ വിട്ടു 

നാലാമൻ എന്നെയും 

ഞാനിപ്പോൾ അരൂപി!


_*മോക്ഷം*_


ഒന്നായ നിന്നെ രണ്ടെന്നും 

മൂന്നെന്നും നാലെന്നും കണ്ട് 

എണ്ണം തെറ്റി 

ഒടുവിൽ ഒന്നിലൊതുക്കി 

ഞാനുമൊടുങ്ങി. 


(Note : ഇതൊരു പരീക്ഷണം, കുറുംകവിതകൾ. കവിത ഉത്തേജനമാണ്, എനിക്കതിനു സാധ്യമോ എന്നറിയാൻ ആകാംക്ഷ... എന്റെ രീതിയല്ല, എന്നിട്ടും ഒരു ശ്രമം...

ഇതു  കുറുംകവിതകളുടെ യാത്ര എന്നതാണ് ശരി. Aj🌹

ഇതിന്റെരണ്ടാം ഭാഗം താഴേ, നെടുംകവിത എന്നു ഞാൻ വിളിക്കും.

കുറുംകവിതക്കും നെടുംകവിതക്കും ഇടയിൽ ഞാനിട്ട പാലമാണ് ഈ വിശദീകരണം!)


  _*മോക്ഷത്തിന് ശേഷം*_

-------------------------------

എന്റെ ചിന്തകൾക്ക് 

പ്രായം ഇരുപത്തിയൊന്ന് 

(ഹൃദയത്തിന് ഭാരം അതിലും കൂടും)

കിനാവുകൾ എന്റെയുറക്കം 

കെടുത്തിത്തുടങ്ങിയിരിക്കുന്നു...


ഇരുട്ടിന്‍റെ കാൻവാസിൽ 

ഞാൻ നിറമുള്ള 

ചിത്രങ്ങൾ കോറിക്കൊണ്ടേയിരുന്നു

എന്തോ  

ഇരുട്ടിനെന്നെ ഇഷ്ടമായി!


എന്റെ ചിന്തകൾക്കിപ്പോൾ 

പറക്കാനാണ്‌  മോഹം, 

സ്വപ്നത്തിലും ഞാൻ കണ്ടത് 

രണ്ട് ചിറകുകളായിരുന്നല്ലോ, 


 പക്ഷെ  

ഇനിയും ചിറകു മുളയ്ക്കില്ലെന്നവർ 

അടക്കിയ ചിരിയോടെ പറഞ്ഞു 

കൺസൾട്ടിങ് ഫീ വാങ്ങിയ ശേഷം 

മരുന്നിന് കുറിപ്പടിയും തന്നു, 


‘രാത്രി, ഭക്ഷണത്തിനു ശേഷം, 

സ്വപ്നം കാണുന്നതിന് മുമ്പേ,  ഓരോന്ന്’...!


മരുന്ന് ഫലിച്ചു

എനിക്കിപ്പോൾ 

പത്തുനിലയുള്ള കെട്ടിടത്തിന് 

മുകളിൽ നിന്നുവരെ 

താഴേക്ക് പറക്കാൻ കഴിയും 

ഭൂമിയുടെ ആത്മാവിലേക്ക്

ഇനിയും

ആഴത്തിലേക്ക്...!

_*AJ*_🌹


Sunday, August 30, 2020

വരികൾക്കിടയിൽ

 വരികൾക്കിടയിൽ 


1.

അവൻ 

സ്വപ്നം കാണുമായിരുന്നു 

അവനെയവർ 

വ്യാസനെന്നു വിളിച്ചു 

ഇപ്പോൾ 

ഭാരതഗാഥ  തോളിൽ തൂക്കി 

തെരുവീഥിയിലൂടെ 

വിറ്റു നടക്കുന്നു

അവൻ, വ്യാസൻ...


2.

ഗുരു പറഞ്ഞു 

വരികൾക്കിടയിലൂടെ തിരയൂ 

നിസ്സംഗനായി കവി തുടങ്ങി 

വായന...

ഇനിയും തീർന്നിട്ടില്ല!


3.

ദ്രോണർ ശിഷ്യരെ തേടി 

ഏകലവ്യൻ ഗുരുവിനെ തേടി

ഇരുവർക്കുമിടയിലെ പാലം 

ദ്രുപദന്‍റെ ജാതകം!



4.

സാന്ദീപനിയും ഭരധ്വാജനും ശരി 

സുദാമനും ദ്രോണരും തെറ്റ് 

ശരിക്കും തെറ്റിനുമിടയിൽ 

കൃഷ്ണനും ദ്രുപദനും കുതറി 

ധൃഷ്ടദ്യുമ്നൻ

കഥ തിരുത്തി

ഭാരതം നിർവചിച്ചു.


5.

കാലിയെ മേച്ചു നടന്ന ചെക്കൻ 

കാലുകൊണ്ട് കാളിയനെ കൊന്നു 

കാളിന്ദിയെ കറുപ്പിച്ചു.

കലികൊണ്ട കാട്ടുകറുമ്പൻ 

കാലിൽ അമ്പെയ്തു ചെക്കനെ കൊന്നു 

ആശയങ്ങളുടെ അനിവാര്യമായ സംഘട്ടനം 

അന്ധന്റെ ഭാര്യ പ്രവചിച്ചിരുന്നു!








ചുള്ളിക്കാട് എരിയുമ്പോൾ

 പ്രായം 

വട്ടമെത്തുന്നതിനു മുൻപേ 

മൃത്യുവില്ലെങ്കിൽ 

ചിന്തയൊടുങ്ങിയില്ലെങ്കിൽ 

എഴുപതിന്റെ പടിവാതുക്കൽ 

തലതല്ലി ചത്തോളാം എന്ന് 

അയാൾ, 

കാലത്തിനു മുൻപേ 

നടക്കുന്നൊരു 

നിഷാദൻ, ഒരു നിഷേധി 

പറഞ്ഞു... 

അതുകേട്ടു 

വിഹ്വലമായ മനസ്സോടെ 

എന്റെ പ്രായം 

പിന്നിലേക്കിഴഞ്ഞു തുടങ്ങി...


അമ്മയുടെ 

ഗർഭപാത്രത്തിലേക്കെത്താൻ 

എനിക്കിനി ദൂരം 

ഒരുകാതം മാത്രം!


പോക്കുവെയിൽ നിഴൽപോലെ 

പിന്നാലെയുണ്ട്...!


Wednesday, August 26, 2020

പാഠഭേദങ്ങൾ

  

ഗുരു സാന്ദീപനി ചിന്തയിലായിരുന്നു. ഇന്നത്തെപാഠം ഇതുവരെ തയ്യാറാക്കിയിട്ടില്ല. എങ്ങനെ തുടങ്ങും, എങ്ങനെ ഒടുങ്ങും? 

നാളെയുടെ ഭാരതം നമ്മുടെ  ശിഷ്യരുടെ കയ്യില്ലല്ലേ... പാഠങ്ങൾ ഇവരുടെ വരുതിയിലാവണം. പിഴക്കരുത്, പിണക്കരുത്. 

സാന്ദീപനിയുടെ ഇന്നത്തെ പ്രഹേളിക അതായിരുന്നു. ഗുരു ധ്യാനത്തിലാഴ്ന്നു. താടി ചൊറിഞ്ഞു വരുന്നത് കാര്യമാക്കിയില്ല. 

ചിന്ത,  ചിന്തയിൽ മുളയുന്ന ചൊറിച്ചിലിൽ ശ്രദ്ധ ചെലുത്തി.

കലിയുഗ ഭാരതഖണ്ഡത്തിൽ നവഭാവ ശൈലിയുണ്ടാവണം, തുടർച്ചയാവണം, ചിന്തയെ ഉത്തേജിപ്പിക്കണം. തൊഴിലാളികളുടെ എണ്ണംകൂട്ടണം, പഠ്യേതരവിഷയം തീർച്ചയായും വേണം. ചൊറിച്ചിൽ കൂടിവന്നു. അതോടെ ചിന്തയുടെ തീവ്രതയും ഏറി. 

എല്ലാ ഗുരുക്കളെയും പോലെ, സാന്ദീപനിയും ഭൂമിയുടെ ഭാരം തന്റെ തലയിൽ തന്നെയാണ് വച്ചിരിക്കുന്നത്.

ഭാവിഭാരതനിർമ്മിതിയെ കുറിച്ചുള്ള ചിന്തയാൽ  തലയാകെ പുകഞ്ഞു, ഗുരുവിന്.

ഇതെല്ലാം കിടക്കപ്പായിലിരുന്നു തന്നെ നിർവഹിച്ചു അദ്ദേഹം. ചിന്തകൾ അങ്ങിനെയാണ്, ഇന്നയിടം എന്നില്ല. കിടക്കപ്പായിലിരുന്ന് അദ്ദേഹത്തിന് പലകർമ്മങ്ങൾ ചെയ്യാനുള്ള സിദ്ധിയും ഉണ്ടായിരുന്നു. മഹാരഥൻ തന്നെ!

എന്നാൽ ഗുരുപത്നിയുടെ അന്നത്തെ പ്രഹേളിക അടുപ്പിലെ തീയായിരുന്നു. അല്ലെങ്കിലും ഗുരുപത്നിമാരുടെ ഉള്ളിലെ തീ മുഴുവനായി കണ്ടവരാരുണ്ട്,  ഇന്നും. 

അടുപ്പിൽ പുകയ്ക്കാൻ വിറകില്ലെന്നു ആരോടെന്നില്ലാതെ പിറുപിറുത്ത പത്നിയെ വാത്സല്യത്തോടെ താടിക്കൊന്നുതട്ടി, ‘ ഇപ്പൊ ശരിയാക്കാം’ എന്നു  മൊഴിഞ്ഞു. സാന്ദീപനിക്ക് ആശയങ്ങൾ ഉറവെടുത്തു തുളുമ്പി വന്നു. 

ഉള്ളിലെ ഗൂഢോദ്ദേശം വെളിക്കെടുത്തില്ല. അദ്ദേഹം പുറത്തിറങ്ങി. ശുദ്ധവായു മുഖത്തടിച്ചപ്പോൾ  ആശ്വാസമായി,  തല്ക്കാലം.  

മരച്ചോട്ടിൽ ബഹളം വെക്കണ ആശ്രമത്തിലെ കുരുത്തംകെട്ട അന്തേവാസിക്കുരുന്നുകളുടെ ഹാജരെടുക്കാൻ തുടങ്ങി. കുളത്തിൽ മുങ്ങിയാൽ പുഴയിൽ നിവരണ ജാതിയാണ് പലരും. കുലമഹിമ തൂത്താൽ പോവില്ല!

കഥയിലൂടെ പറഞ്ഞാൽ പഠിക്കാത്ത ജന്മങ്ങൾ! കഥ വായിക്കാനേ കൊള്ളൂ, പഠിക്കാൻ അനുഭവം തന്നെ വേണം. ആത്മഗതങ്ങൾക്കും ചിന്തകൾക്കും അർദ്ധാവിരാമം കൊടുത്തു ഗുരു. 

 ശേഷം (തെളിച്ചം), 

“കാട്ടിൽപോയി വായ്‌നോക്കാതെ വിറകു പെറുക്കിയെടുക്കുക,  പാഥേയമായി പോണവഴിയേ കിട്ടണ പഴവർഗങ്ങൾ കരുതുക, ബാക്കിയുള്ളത് തെളിവായി ഇവിടെ സമർപ്പിക്കണം,  തിരികെയെത്തിയാൽ”,  എന്ന ദുഷ്ക്കർമ്മവും കല്പിച്ചു. ഗൂഡലക്ഷ്യത്തിന്റെ കുളുർമയിൽ ഗുരു രോമാഞ്ചം പൂണ്ടു പൂത്തുലഞ്ഞു. ലക്ഷ്യം ലോഭം തന്നെ.

പ്രത്യേകം നിബന്ധനകൾ പറഞ്ഞു വച്ചു ശിഷ്യരെ കർമ്മബദ്ധരാക്കി. 

“ഒരു കെട്ടിലൊതുങ്ങണം വിറക്. ഗാണ്ഡവ ദഹനത്തിനുള്ള പരിശീലനത്തിന് സമയമായിട്ടില്ല. ആകുമ്പോൾ താനേ അറിയും”. 

ഇതു കൃഷ്ണനുള്ള താക്കീതാണ്. ഗുരു ഒന്നിരുത്തി മൂളി. കള്ളകൃഷ്ണൻ സുദാമനെ നോക്കി കണ്ണിറുക്കി ചിരിച്ചു. ആരാണാദ്യം അറിഞ്ഞത്?  ഗുരുവോ ശിഷ്യനോ?  ഒന്നുമറിയാത്ത സുദാമൻ മറുചിരി ഉള്ളിലൊതുക്കി ചങ്ങാതിയെ ആരാധനയോടെ നോക്കി പിറുപിറുത്തു,  ‘കള്ളാ...’

‘തല്ക്കാലം അടുപ്പെരിയട്ടെ...’ (ഗുരു, സ്വഗതം). പത്നിയുടെ മനസ്സും തണുക്കട്ടെ.

താത്വികമായി പറഞ്ഞാൽ ഭാവിയാണ് വിഷയം. സാന്ദീപനി നേരെവാ നേരേപോ എന്ന മട്ടിലാണ് പാഠ്യവിഷയങ്ങൾ തയ്യാറാക്കുക. കഥയ്ക്ക് പ്രാമുഖ്യമില്ല,  അദ്ദേഹത്തിന്റെ ഗുരുകുലത്തിൽ.

പ്രാവർത്തിക തലം കൂടി ഉൾക്കൊണ്ടായിരിക്കണം പാഠ്യപദ്ധതി എന്നതായിരുന്നു ഗുരുകുലസമ്പ്രദായത്തിന്റെ പ്രഥമ പരിഗണന.  അല്ലാതെ ദോഷൈകദൃക്കുകൾ പറയും പോലെ ഇതൊന്നും  പാശ്ചാത്യ ഇറക്കുമതിയല്ലന്നേ!

പിന്നെ മത്സരം ഗുരുകുല സമ്പ്രദായത്തിലും ഉണ്ടായിരുന്നു കേട്ടോ. സാന്ദീപന്റെ രീതിയെ ചോദ്യം ചെയ്യുംവിധം ഭരധ്വാജ ഗുരുകുലം വളർന്നിരുന്നു. ആയോധനമാണ് അവിടെ ഐശ്ചികവിഷയം. പേരുകേട്ട വിദ്യാർഥികൾ അങ്ങോട്ടാണ് ഒഴുകുന്നത്. 

ചിന്തയിൽ നിന്നും ഗുരു  വലിഞ്ഞു. കുശുമ്പ് പിന്നാലെ കൂടി. അദ്ദേഹം തലയൊന്നു കുടഞ്ഞു ഭരധ്വാജ ചിന്ത വെടിഞ്ഞു.

കർമ്മത്തിലേക്കു വരാം. വെണ്ണക്കള്ളൻ (നമ്പാൻ പറ്റില്ല) കണ്ണന്റെകൂടെ സുദാമൻ. അതാണ്കണക്ക്. ധാരാളിയുടെ കൂടെയൊരു ദരിദ്രവാസിച്ചെക്കൻ കാണും എന്നും. നാട്ടുനടപ്പാണ്. സാന്ദീപനി കുട്ടികളെ ഗണത്തിലാക്കി തിരിച്ചു, കാട്ടിലേക്ക് തള്ളിവിട്ടു. 

പോയിവരട്ടെ, പഠിക്കട്ടെ. ഇത്ഥം കരുതി ഗുരു. ക്ളീഷേ തന്നെ. 

കഥയിലും സിനിമയിലും ജീവിതത്തിലും മാറാത്ത ക്ലീഷേ! 

'വിറകെപ്പൊക്കിട്ടുമോ എന്തോ' എന്ന് ശ്യാമളയെ പോലെയോ സീതയെ പോലെയോ ചിന്താവിഷ്ടയായി പ്രാകാൻ വേണ്ട സ്ക്കോപ്പില്ലാത്ത ഗുരുപത്നി ചുറ്റുവട്ടത്തുള്ള ചുള്ളിക്കമ്പൊക്കെ കൂട്ടിയിടാനുള്ള ഒരുക്കമായി. അടുപ്പിൽ തീ പുകയണം, കാപ്പി അനത്തണം. പാവം വീട്ടമ്മ,  അവരുടെ സ്ഥായീഭാവം എന്നും ഒന്നുതന്നെ.  നരച്ച മുടിയും ചന്ദനക്കുറിയും ചുളിഞ്ഞ നെറ്റിയും അഴുക്കുള്ള മേൽമുണ്ടും! ദാരിദ്ര്യം തന്നെ. മെലോഡ്രാമയിൽ അധിഷ്ഠിതമാണ് ഇത്തരം ജന്മങ്ങൾ. യുഗങ്ങൾ കഴിഞ്ഞാലും ഡയലോഗ് ഒന്നു തന്നെ!

സ്വന്തം തലവിധിയെ പഴിച്ചുകൊണ്ട്,  നരച്ച രണ്ടാം മുണ്ട് ശബ്ദത്തിൽ കുടഞ്ഞു അവർ തെക്കിനി കടന്നു (മരത്തണലിൽ ഇരുന്നു ശിഷ്യഗങ്ങൾക്ക് നിർദ്ദേശം കൊടുക്കുന്ന ഭർത്താവിനെ നോക്കി ദീർഘശ്വാസവും വിട്ടു കാണും).

അതല്ലല്ലോ ഇവിടെ,  ഇന്നത്തെ ചിന്താവിഷയം.

പാഠഭാഗത്തിന്റെ ഔചിത്യം ചോദ്യം ചെയ്യാൻ പാടില്ലാത്ത ദ്വാപരയുഗത്തിലായിരുന്നു കൃഷ്ണനും സുദാമനും അവതാരമെടുത്തത്. ഗുരുകുല സമ്പ്രദായമായിരുന്നു ത്രേതായുഗം തൊട്ടുള്ള രീതി.

എന്നിട്ടും, വിറകുതേടി മറ്റുള്ളവരുടെ കൂടെ കൂടാതെ കള്ളകൃഷ്ണൻ സ്വന്തം വഴിയിലൂടെ പോയി, പിറകെ ശിങ്കിടിയും. 

അല്ലെങ്കിലും വഴിമാറി നടന്നാണ് കണ്ണന് ശീലം, പിൻഗാമിക്ക് പക്ഷെ വേറെ മാർഗമില്ല.

നമ്പ്യാരു പിന്നീടത് തുള്ളി പറഞ്ഞിട്ടുണ്ട്,  മുൻപേ നടക്കണ പശൂന്റെ പുറകു നോക്കി...!

അരക്കു കിനിയുന്ന ലക്ഷതരു വൃക്ഷം തിരഞ്ഞെടുത്തു വലിഞ്ഞുകേറി, ഇരിക്കാത്ത കമ്പുമുറിച്ചു, ഇരിപ്പുറക്കാത്ത കള്ളൻ...

അരക്കില്ലം പണിയണ ഒടിവിദ്യ പുരാതന കൗരവരും പിന്നീട് ആധുനികരും പഠിച്ചത് കൃഷ്ണവംശീയരിൽ നിന്നാണത്രെ. പരദൂഷണം വായുവും പിന്നെ കടലും പാടിനടന്നിട്ടുണ്ടല്ലോ, പണ്ടേ...

യാദവർ പക്ഷെ ഒടുങ്ങിയത് തീ കൊണ്ടല്ല മുള്ളു കൊണ്ടാണെന്നത് ചരിത്രം! അതിന്റെ ബാക്കിപത്രം ഇങ്ങു ദക്ഷിണദേശത്തും കാണും.

കഥയേതായാലും, മരംകേറിച്ചെക്കന്റെ ദാക്ഷിണ്യത്തിൽ, ചിതറിവീണ ചില്ലകൾ പെറുക്കിയെടുത്തു കൂടെയുള്ള ദരിദ്രവാസി ചെക്കൻ, സുദാമൻ.

പാഠഭേദം പരദൂഷണമായി വേറെയും ഉണ്ട്. കുട്ടികൃഷ്ണൻ മരക്കൊമ്പിലിരുന്ന് ഈരേഴു ലോകവും കണ്ടു രസിച്ചപ്പോൾ,  അതു രസിക്കാത്ത ചെക്കൻ താഴെയിരുന്നു കയ്യിലിരുന്ന പാഥേയം ഒറ്റക്കു ഭുജിച്ചു രസിച്ചു. അന്നാണ് അവനു കുചേലൻ എന്ന് പേരു വീണതത്രേ. ആർത്തിയുടെ പര്യായം!

തൃകാലജ്ഞാനി ആയ കണ്ണൻ കണ്ണടച്ചു,  കാഴ്ചകൾ കണ്ടു തീർന്നപ്പോൾ മരമിറങ്ങി വന്നു. താഴെയിറങ്ങിയാലേ സമ്മാനം കിട്ടൂ എന്നത് പ്രത്യേകം പഠിക്കേണ്ടതില്ല കണ്ണന്,  പഠിപ്പിച്ചേ ശീലമുള്ളു.

പീലി വകഞ്ഞുമാറ്റി വിറകുക്കെട്ടു തലയിലേറ്റി തലയെടുപ്പോടെ നടന്നു,  കണ്ണൻ.

കക്ഷത്തു ചില്ലിക്കമ്പിൻക്കെട്ടുമായ് സുദാമൻ പിറകിലും. പാഠങ്ങളുടെ തുടക്കം! പാഠഭേദങ്ങളുടെയും.

അന്നേ കുറിച്ചിരുന്നു രണ്ടുപേരുടെയും തലക്കുറി. കലിയുഗത്തിലും കൂടെക്കൂടിയ ബാധ...

സാന്ദീപനി പകർന്നു കൊടുത്ത ദോഷം...

ഗുരുകുല സമ്പ്രദായം ഇന്നും തുടരുന്നു, ഗുരുക്കളുടെ രൂപം മാറി, അഭ്യാസം കേന്ദ്രീകൃതമായി. ഫലം ഒന്നു തന്നെ! 

യുദ്ധം, അതിനു പിറകെ ദാരിദ്ര്യം...

സാന്ദീപനിയുടെ കഥ ഇവിടെ തീരുന്നില്ല.


കഥാശേഷം

-------------------

കുചേലനിന്നും പിച്ചച്ചട്ടിയിൽ ചില്ലി പെറുക്കി കണ്ടിടം തെണ്ടി നിരങ്ങുന്നു. 

പഴയ ബന്ധം പുതുക്കാൻ, ബാന്ധവമൊരുക്കാൻ, പഴംകഥയുടെ പൊരുള് തേടി, സഹപാഠിയെ തേടി,  സഹായം തേടി!

നാണമില്ലാത്ത വർഗ്ഗം!

കൃഷ്ണനോ... അരക്കിന്റെ നിർമ്മാണം മൊത്തമായി ഏറ്റെടുത്തു.

പൂവം, ഇലന്ത, പ്ലാശ് അങ്ങിനെ പൊട്ടിത്തെറിക്കണ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കർഷകർക്ക് ജിഎം വിത്തുകൾ കടംകൊടുത്തു, മാഫിയ രാജാവായി വാഴുന്നു.

സാന്ദീപനിയാണ് ഗുരു, പഠിച്ചത് ദ്വാപരയുഗത്തിൽ.

മറുഭാഗത്തോ,  ഭരധ്വാജൻ ദ്രുപദന്റെയും ദ്രോണാന്റെയും വർഗ്ഗങ്ങളെ ആയോധനമാർഗങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആധുനികത്തിലും  മത്സരം  ഗുരുക്കന്മാർ തമ്മിൽ ആണല്ലോ!

ഭാരതയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല.

അവതാരങ്ങൾ അങ്ങിനെയാണ്, പലരൂപത്തിലും ഭാവത്തിലും നിറത്തിലും വിളയും. 

ചൂതിനുള്ള കരുക്കൾ പിന്നാമ്പുറത്തു നിരത്തും. എങ്കിലും ദൂത് തുടരും, ഒടുവിൽ ഗീത ചൊല്ലും...

എല്ലാ യുഗങ്ങളിലും അവരുടെ സാമിപ്യം തേടി നിരങ്ങും അഭിനവ കുചേലന്മാർ!

ഭാരതയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. കുചേലൻ പിറകെയുണ്ട്, ഒഴിയാബാധ പോലെ... 


കുറിപ്പ്: വിദ്യാഭ്യാസ സമ്പ്രദായത്തിലെ ദൂഷ്യമോ സമൂഹത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഉച്ചനീചത്വമോ,  ഏതാണ് അസമത്വം നിലനിൽക്കുന്നതിനു  പ്രധാന കാരണമാകുന്നത്? 

ഞാൻ അസ്വസ്ഥനാണ്... aj    


തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...